സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 4400 കോടിയുടെ ജി.എസ്.ടി കുടിശ്ശിക ഉടന്‍ നല്‍കണം; കേന്ദ്രത്തിന് കത്തെഴുതി പഞ്ചാബ് മുഖ്യമന്ത്രി

സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍  ഇടക്കാല ധനസഹായം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. 3000 കോടിയുടെ ഇടക്കാല ധനസഹായം അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

മഹാമാരിയെ മറികടക്കാന്‍ 4400 കോടിയുടെ ജിഎസ്ടി കുടിശ്ശിക ഉടന്‍ വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബ‍ര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കുടിശ്ശികയാണിത്.

Read more

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിയന്ത്രിത മദ്യവില്‍പന അനുവദിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലവും മറ്റ് മുന്‍കരുതലുകളും പാലിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളില്‍ മദ്യവില്‍പന അനുവദിക്കണം എന്നാണ് ആവശ്യം. ശമ്പളം, പെന്‍ഷന്‍, കോവിഡ് പ്രതിരോധ പ്രവ‍ര്‍ത്തനങ്ങള്‍, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 7301 കോടിയുടെ ചെലവ് ഏപ്രില്‍ മാസത്തിലുണ്ടാകും. കോവിഡ് മൂലം പഞ്ചാബിന് നഷ്ടമായ വരുമാനം കേന്ദ്രം നല്‍കണമെന്നും ഏപ്രിലിലേക്കുള്ള 3000 കോടി ഏകദേശ തുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി പറയുന്നു.