രാജ്യത്ത് വർഷാവസാനത്തോടെ എല്ലാ മുതിർന്ന പൗരന്മാർക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കോവിഡ് വാക്‌സിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പാടുപെടുകയാണ്. അതിനിടെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ വിതരണം മന്ദഗതിയിലായിരുന്നു. ഇത് കമ്പനിയുടെ ബെംഗളൂരുവിലെ ഏറ്റവും പുതിയ സ്ഥാപനത്തിൽ ഉത്പാദിപ്പിച്ച ആദ്യ ബാച്ച് വാക്‌സിനുകൾ ശരിയായ ഗുണനിലവാരത്തിൽ ഉള്ളതല്ലാത്തതിനാലാണെന്ന് ഒരു ഉന്നത സർക്കാർ ഉപദേഷ്ടാവ് പറഞ്ഞു.
ഇന്ത്യയിൽ ഉപയോഗിക്കുന്ന രണ്ട് പ്രധാന വാക്സിനുകളിലൊന്നായ കോവാക്സിൻ ഉത്പാദനം കുത്തനെ ഉയർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കമ്പനിയുടെ ഏറ്റവും വലിയ പ്ലാന്റിൽ വാക്‌സിന്റെ ഗുണനിലവാര പ്രശ്നങ്ങൾ കാരണം ഉത്പാദനം പിൻവലിച്ചു എന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അംഗം ഡോ.എൻ കെ അറോറ സമ്മതിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
“വാക്സിൻ നിർമ്മാണം ഏതാണ്ട് റോക്കറ്റ് സയൻസ് പോലെയാണ്. കോവാക്സിൻ ഉത്പാദനം കുത്തനെ ഉയർത്താമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ബെംഗളൂരുവിൽ ഭാരത് ബയോടെക്കിന്റെ ഒരു പുതിയ പ്ലാന്റ് ആരംഭിച്ചു. കൂടാതെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും മൊത്തം ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നു. ആത്യന്തികമായി ഭാരത് ബയോടെക്കിൽ നിന്ന് 10-12 കോടി ഡോസുകൾ പ്രതീക്ഷിക്കുന്നു,” ഡോ. അറോറ പറഞ്ഞു.
“ബാംഗ്ലൂർ പ്ലാന്റ് ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ പ്ലാന്റുകളിലൊന്നാണ്. എന്നാൽ ആദ്യത്തെ രണ്ട് ബാച്ചിൽ ഉത്പാദിപ്പിച്ച വാക്‌സിനുകൾ ശരിയായ ഗുണനിലവാരമുള്ളതല്ല. എന്നാൽ മൂന്നാമത്തെയും നാലാമത്തെയും ബാച്ചുകളിൽ ഈ പ്രശ്നം പരിഹരിച്ചു. അടുത്ത നാലോ ആറോ ആഴ്ചകളിൽ വാക്‌സിൻ ഉത്പാദനം ഭാരത് ബയോടെക്കിൽ നിന്ന് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു,” ഡോ. അറോറ പറഞ്ഞു.
അടുത്തിടെ മാത്രമാണ് ബാംഗ്ലൂർ പ്ലാന്റ് മികച്ച ബാച്ചുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങിയത്. വ്യക്തമായ ഗുണനിലവാരമുള്ള രണ്ടാമത്തെ ബാച്ചിലാണ് ഭാരത് ബയോടെക്ക്. ഇനി ഉത്പാദനം അതിവേഗം കുതിച്ചുയരും. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഉത്പാദനത്തിൽ ഗണ്യമായ വർദ്ധന ഉണ്ടാകും എന്നും അറോറ പറഞ്ഞു.
Read more
ശരിയായ നിലവാരമില്ലാത്ത ഈ ബാച്ചുകൾ ദേശീയ വാക്സിനേഷൻ കാമ്പയ്‌നിനായി ഒരിക്കലും പുറത്തിറക്കിയിട്ടില്ല എന്നും ഡോ. അറോറ വ്യക്തമാക്കി.