'പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല'; മോദിക്കെതിരായ സത്യപാല്‍ മാലിക്കിന്റെ ആരോപണം ട്വിറ്ററില്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

പുല്‍വാമ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ ദ വയറിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

പുല്‍വാമ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്നും മോദിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നുമായിരുന്നു മാലിക്കിന്റെ ആരോപണം. ദ വയറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രതികരണം.

‘2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. ഒരുപക്ഷ വിമാനത്തിലായിരുന്നു ജവാന്‍മാരെ കൊണ്ടുപോയതെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു. ഈ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നേരിട്ട് ആവശ്യപ്പെട്ടു.’ മാലിക് പറഞ്ഞു. രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രിക്ക് യാതൊരു പ്രശ്നവുമില്ലെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

പ്രധാനമന്ത്രിയുടെ കൂടെ നില്‍ക്കുന്നവര്‍ അഴിമതിയിലൂടെ പണമുണ്ടാക്കുകയാണെന്നും സത്യപാല്‍ മാലിക് അഭിമുഖത്തില്‍ പറഞ്ഞു.