വിവാഹപ്രായം 21 ആക്കുന്നത് അംഗീകരിക്കാനാവില്ല, സ്ത്രീശാക്തീകരണത്തിന് സഹായകരമല്ലെന്ന് ബൃന്ദ കാരാട്ട്

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിന് എതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇത് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അവര്‍ പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ഇത് സഹായകരമാകില്ല. 18 വയസ്സുള്ള പെണ്‍കുട്ടി മുതിര്‍ന്ന പൗരയാണ്. അവരുടെ ജീവിതം തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അതിന് എതിരെയാണ് പുതിയ നീക്കമെന്ന് ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.

പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും, പോഷകാഹാരം ഉറപ്പിക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. വിവാഹപ്രായം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍ അംഗീകരിക്കാനാവില്ല. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ഇതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് 25-ാം വയസ്സിലാണ് വിവാഹം കഴിക്കാന്‍ തോന്നുന്നതെങ്കില്‍ അതിനുള്ള അവകാശമുണ്ട്. വിവാഹം കഴിക്കുന്നില്ല എന്നാണെങ്കില്‍ അതിനും അവകാശമുണ്ട്. വനിതാ ശാക്തീകരണത്തെ കുറിച്ച് പറയുമ്പോഴും അതിന് എതിരെയാണ് പുതിയ നീക്കം. പ്രായത്തില്‍ സമത്വം കൊണ്ടുവരുന്നുവെങ്കില്‍ എന്തുകൊണ്ട് പ്രായപൂര്‍ത്തിയാകുമ്പോള്‍ ആയിക്കൂടാ എന്ന് അവര്‍ ചോദിച്ചു. കേന്ദ്രത്തിന്റെ നീക്കത്തില്‍ വ്യക്തമായ അജണ്ടകളുണ്ടെന്ന് ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

അതേസമയം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തില്‍ വിയോജിപ്പുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ (AIDWA) കേന്ദ്രകമ്മിറ്റി രംഗത്ത് വന്നിരുന്നു. അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുന്ന ഈ സമൂഹത്തില്‍ ഈ നിയമം പെണ്‍കുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Read more

പുതിയ നീക്കം മുസ്ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമാണെന്ന് മുസ്ലിം ലീഗും ആരോപണം ഉന്നയിച്ചു. വിശദമായ ചര്‍ച്ച നടത്തി മാത്രമേ ഇത് നടപ്പാക്കാന്‍ പാടുള്ളു എന്നാണ് ആവശ്യം. നാല് ലീഗ് എംപിമാര്‍ ഇതിനെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. പുതിയ നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ നടപ്പുസമ്മേളത്തില്‍ തന്നെ വന്നേക്കുമെന്നാണ് സൂചന.