കൊൽക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് സുപ്രീം കോടതി. സംഭവത്തിൽ കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വിഷയം പരിഗണിക്കും. കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശദീകരണം നൽകും.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് അറസ്റ്റിലായത്. എന്നാൽ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടർമാരും പരാതി ഉന്നയിച്ചു. കേസിൽ ഇടപെട്ട ഹൈക്കോടതി പൊലീസ് അന്വേഷണത്തെയും സംസ്ഥാന സർക്കാരിനെയും സംബഭവത്തിൽ നിശിതമായി വിമർശിച്ച ശേഷം അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു.

ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. രക്തത്തിൽ കുളിച്ച് അർധനഗ്നമായ അവസ്ഥയിലാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ സെമിനാർ ഹാളിലായിരുന്നു മൃതദേഹം കിടന്നത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ട്രെയിനി ഡോക്ടർ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ക്രൂരമായ മർദ്ദനം ട്രെയിനി ഡോക്ടറിന് നേരെയുണ്ടായിട്ടുണ്ട്. കണ്ണാടിയുടെ ചില്ല് തകർന്ന് കണ്ണിനുള്ളിൽ തുളച്ച് കയറിയിട്ടുണ്ട്. കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളാണ് ട്രെയിനി ഡോക്ടർക്ക് ഏറ്റിട്ടുള്ളത്. കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

സംഭവം വിവാദമായതിന് പിന്നാലെ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു. രാജ്യമൊട്ടാകെ പ്രതിഷേധം കനക്കുകയാണ്.