കര്‍ണാടകയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി മുഖ്യമന്ത്രി യെദ്യൂരപ്പയുമായി വേദിയില്‍ വാക്പോരുമായി ലിംഗായത്ത് ആത്മീയാചാര്യൻ വചനാനന്ദ സ്വാമി. ഹരിഹര്‍ ടൗണിലെ ഹാവേരിയില്‍ പഞ്ചമസലി മഠം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. മന്ത്രിസഭ വിപുലീകരണത്തിൽ ലിംഗായത്ത് നേതാവായ മുരുകേഷ് നിരാനിക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പഞ്ചമസലി ലിംഗായത്തുകാരുടെ പിന്തുണ യെദ്യൂരപ്പയ്ക്ക് നഷ്ടമാകുമെന്ന വചനാനന്ദയുടെ പ്രസ്താവനയാണ് വാക്പോരിലേക്ക് എത്തിച്ചത്. മുരുകേഷ് നിരാനിയുള്‍പ്പെടെ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയേ തീരൂവെന്നും അദ്ദേഹം യെദ്യൂരപ്പയോട് പറഞ്ഞു.
എന്നാല്‍ വേദിയില്‍ വെച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ച സ്വാമിയുടെ നിലപാടില്‍ രൂക്ഷപ്രതികരണവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. എല്ലാവരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച് തനിക്ക് പ്രവർത്തിക്കാനാവില്ല. ഭീഷണിപ്പെടുത്തിയാൽ രാജിവെച്ച് പോകും. എന്നും ഈ കസേരയിൽ പറ്റിപ്പിടിച്ച് ഇരിക്കാൻ താത്പര്യമുള്ള ആളല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ 17 അംഗ മന്ത്രിസഭയിൽ ലിംഗായത്ത് സമുദായത്തിന് എട്ട് മന്ത്രിമാരുണ്ട്. എന്നാൽ ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലിക്ക് നാല് മന്ത്രിസ്ഥാനം വേണമെന്നതാണ് സ്വാമി വചനാന്ദിന്റെ ആവശ്യം. ലിംഗായത്ത് സമൂഹത്തിന്റെ ശക്തമായ പിന്തുണ കണക്കിലെടുത്ത് കുറഞ്ഞത് നാല് മന്ത്രിസ്ഥാനങ്ങളെങ്കിലും പഞ്ചമശാലി ഉപവിഭാഗത്തിലെ അംഗങ്ങൾക്ക് നൽകണം. മുരുഗേഷ് നിരാനി സമൂഹത്തിന് ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളിൽ ഒരാളായതിനാൽ അദ്ദേഹത്തിന് മുൻഗണന നൽകണം. അല്ലെങ്കിൽ ഈ സമൂഹം നിങ്ങളെ കൈവിടുമെന്നായിരുന്നു സ്വാമി വചനാനന്ദയുടെ പ്രസ്താവന.
ഇതെ തുടർന്നാണ് അസ്വസ്ഥനായ യെദ്യൂരപ്പ തൻറെ സീറ്റിൽ നിന്ന് എഴുന്നേറ്റ് സ്വാമിക്കെതിരെ ആഞ്ഞടിച്ചത്. എന്നാൽ തങ്ങളുടെ ആവശ്യം മാത്രമാണ് ഉന്നയിച്ചതെന്നും സമുദായത്തിന് നീതി ലഭിക്കണമെന്നും സ്വാമി യെദ്യൂരപ്പക്ക് മറുപടി നൽകി. സ്വാമിയുടെ കാലിൽ തൊട്ട് വണങ്ങി വേദി വിടാൻ നിന്ന യെദ്യൂരപ്പയെ അദ്ദേഹം പിടിച്ചിരുത്തി.
Read more
പഞ്ചമശാലി സമുദായത്തിന്റെ ഉറച്ച പിന്തുണ ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് താൻ വരില്ലായിരുന്നുവെന്ന് യെദ്യൂരപ്പ പറഞ്ഞു. അതുകൊണ്ടു തന്നെ സമുദായത്തോട് എന്നും കടപ്പാടുണ്ടെന്നും എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തിെൻറ ധനസ്ഥിതി നല്ല നിലയിലല്ലാത്തതിനാൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കർഷകരെ സഹായിക്കുന്നതിന് സമഗ്രമായ പദ്ധതികൾ നടപ്പാക്കുന്നതിലാണ് തൻെറ ശ്രദ്ധയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.