രേണുക സ്വാമി കൊലക്കേസ്; പ്രതി ദർശന് ജയിലിൽ പ്രത്യേക പരിഗണന, അന്വേഷണത്തിന് ഉത്തരവ്

ആരാധകനായ രേണുക സ്വാമി കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വീഡിയോ കോൾ ചെയ്ത് സുഹൃത്തുക്കളുമായി സംസാരിക്കുന്നതും ജയിൽ വളപ്പിൽ കൂട്ട് പ്രതികൾക്കൊപ്പമിരുന്ന് ചായകുടിക്കുന്നതും പുക വലിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ജയിൽ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

പരപ്പന അഗ്രഹാര ജയിലിൽ പരിശോധന നടത്താനും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് മാലിനി കൃഷ്ണ മൂർത്തിയുടെ ഉത്തരവിൽ പറയുന്നു. രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ജയിലിൽ വീട്ടിലെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന ദർശന്റെ ഹർജി ജയിൽ അധികൃതർ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദർശന് വിവിഐപി പരിഗണന കിട്ടുന്ന ദൃശ്യങ്ങൾ പുറത്തായത്.

ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രം കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും മറ്റ് സാധാരണ തടവുകാരെപ്പോലെ വേണം ദർശനെ പരിഗണിക്കേണ്ടതെന്നും രേണുകസ്വാമിയുടെ പിതാവ് കാശിനാഥ് എസ് ശിവനഗൗദ്രു പറഞ്ഞു. ചിത്രം കാണുമ്പോൾ അദ്ദേഹം ഒരു റിസോർട്ടിൽ ഇരിക്കുന്നതായി തോന്നുന്നുവെന്നും കാശിനാഥ് ആരോപിച്ചു.

ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു ഇയാൾ. ജൂൺ 9മാണ് ബെംഗലൂരുവിലെ സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും രേണുക സ്വാമിയുടെ മ‍ൃതദേഹം ലഭിച്ചത്. ആദ്യം പൊലീസ് ഇതൊരു ആത്മഹത്യയാണ് എന്നാണ് കരുതിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു. മൃതദേഹത്തിൽ ഇടുപ്പെല്ലിനും നടുവിനും കൈക്കും ഗുരുതരമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു ദർശന്റെ അറസ്റ്റ്.