രേണുകസ്വാമി കൊലപാതകം; പ്രതി ദർശന് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി

രേണുകസ്വാമി കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന കന്നഡ സിനിമാ താരം ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. ശസ്ത്രക്രിയ ആവശ്യത്തിനായി ആറാഴ്‌ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ട് വിലയിരുത്തിയശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുകാലുകൾക്കും മരവിപ്പ് അനുഭവപ്പെടുന്നുവെന്നും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് ദർശൻ്റെ ആവശ്യം. ചെലവുകൾ സ്വയം വഹിച്ചോളാമെന്നും ദർശൻ അറിയിച്ചിട്ടുണ്ട്.

അതേസമയം എത്ര ദിവസം ആശുപത്രിവാസം വേണമെന്നുള്ള വിവരങ്ങൾ ജാമ്യ ഹരജിയിൽ ഇല്ലെന്ന് വ്യക്തമാക്കി പ്രോസിക്യൂഷൻ എതിർത്തു. സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ദർശനുമായി അടുപ്പമുള്ള നടി പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചതിൻ്റെ പേരിൽ ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ദർശനെ പ്രതി ചേർത്തിരിക്കുന്നത്. ദർശൻ്റെ ആരാധകനാണ് കൊല്ലപ്പെട്ട രേണുകാസ്വാമി.