'പശുക്കളെ ഇസ്‌കോണ്‍ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു'; വിവാദ പ്രസ്താവനയില്‍ മേനക ഗാന്ധിയ്‌ക്കെതിരെ മാനനഷ്ട കേസിന് നോട്ടീസ്; നൂറ് കോടിയ്ക്ക് കേസ് ഫയല്‍ ചെയ്ത് ഇസ്‌കോണ്‍

ബിജെപി എംപി മേനക ഗാന്ധിയ്‌ക്കെതിരെ നൂറ് കോടിയുടെ മാനനഷ്ട കേസിന് നോട്ടീസ് അയച്ച് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്. ഇസ്‌കോണ്‍ കൊടും വഞ്ചകരാണെന്നും പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നുവെന്നും ആയിരുന്നു മേനക ഗാന്ധിയുടെ ആരോപണം. ബിജെപി എംപിയുടെ ആരോപണം സംബന്ധിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെയാണ് കൃഷ്ണ ഭക്തരുടെ സംഘടനയായ ഇസ്‌കോണ്‍ രംഗത്തെത്തിയത്.

സംഘടനയ്‌ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് മേനക ഗാന്ധിയ്‌ക്കെതിരെ നൂറ് കോടി രൂപയുടെ മാന നഷ്്ട കേസ് ഫയല്‍ ചെയ്തതായി ഇസ്‌കോണ്‍ കൊല്‍ക്കത്ത വൈസ് പ്രസിഡന്റ് രാധാരാമന്‍ ദാസ് അറിയിച്ചു. അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ലോകത്തെങ്ങുമുള്ള ഇസ്‌കോണ്‍ ഭക്തരെ ആഴത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെന്നും വ്യാജ ആരോപണങ്ങളില്‍ നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും രാധാരാമന്‍ ദാസ് മുന്നറിയിപ്പ് നല്‍കി.

ഇസ്‌കോണ്‍ കശാപ്പുകാര്‍ക്ക് പശുക്കളെ വില്‍ക്കുന്നു. അവര്‍ വില്‍ക്കുന്നത്ര പശുക്കളെ മറ്റാരും ഇവിടെ വില്‍ക്കുന്നില്ലെന്നും മേനക ഗാന്ധി പറഞ്ഞിരുന്നു. പശുക്കളെ കശാപ്പുകാര്‍ക്ക് വിറ്റിട്ട് അവര്‍ റോഡുകളില്‍ ഹരേ റാം ഹരേ കൃഷ്ണ പാടി നടക്കുകയാണെന്നും ബിജെപി എംപി ആരോപിച്ചിരുന്നു. പശുക്കളെയും കാളകളെയും സംരക്ഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ഇസ്‌കോണ്‍ ദേശീയ വക്താവ് ഗോവിന്ദ ദാസ് അറിയിച്ചു.