നെഹ്‌റു കുടുംബത്തിലെ മകളോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരോട് എങ്ങനെയായിരിക്കും എന്ന് ആലോചിക്കാൻ ഭയമാകുന്നു: പ്രിയങ്ക ഗാന്ധിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ശത്രുഘ്നന്‍ സിന്‍ഹ  

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ ഉണ്ടായ പൊലീസ് കൈയേറ്റത്തെ ചോദ്യം ചെയ്ത് നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നന്‍ സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് ഞായറാഴ്ച ഇട്ട ട്വിറ്റർ സന്ദേശത്തിൽ ഇത്തരം നടപടികൾ അക്രമം നിയന്ത്രിക്കാനുള്ള മാർഗമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീട് സന്ദർശിക്കുന്നതിൽ നിന്നും പ്രിയങ്ക ഗാന്ധിയെ തടയാൻ ശ്രമിക്കുന്നതിനിടെ വനിതാ പൊലീസ് അവരെ ദേഹോപദ്രവം ഏല്‍പിച്ചെന്നും തൊണ്ടയിൽ പിടിച്ചെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.

“നെഹ്‌റു- ഗാന്ധി കുടുംബത്തിലെ മകളോട് ഈ രീതിയിലാണ് പൊലീസ് പെരുമാറുന്നതെങ്കിൽ സാധാരണക്കാരോട് എങ്ങനെയായിരിക്കുമെന്ന് ആലോചിക്കാൻ തന്നെ ഭയമാകുന്നു,” സിൻഹ ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പറഞ്ഞു.

“ആദ്യം, നിങ്ങൾ വി.ഐ.പികളുടെ സുരക്ഷ സാവധാനം നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്തു, എന്നാൽ തീർച്ചയായും നിങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു, തുടർന്ന് ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ നീക്കം ചെയ്തു, ഇപ്പോൾ, നിങ്ങളുടെ സർക്കാരിന്റെ നിർദ്ദേശപ്രകാരം യു.പി പൊലീസ് പ്രിയങ്ക ഗാന്ധിയോട് വളരെ ലജ്ജാകരമായ രീതിയിൽ ഇടപെട്ടു. ഇത് വളരെ അപലപനീയമാണ്, ” ശത്രുഘ്നന്‍ സിന്‍ഹ ട്വിറ്ററിൽ പോസ്റ്റുചെയ്തു.

ട്വീറ്റുകൾ ശത്രുഘ്നന്‍ സിന്‍ഹയുടെ അഭിപ്രായത്തിൽ പ്രധാനമന്ത്രിയുടെ “പരിശോധനയ്ക്കും പ്രവർത്തനത്തിനും പ്രതികരണത്തിനും വേണ്ടിയുള്ളതായിരുന്നു. “ഇത് അക്രമങ്ങളെ നിയന്ത്രിക്കാനുള്ള മാർഗമല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.