കശ്മീരികളെ അടിച്ചമര്‍ത്തുന്നത് അംഗീകരിക്കാനാവില്ല; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നെന്ന് ഷെഹ്ല റാഷിദ്

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നെന്ന് ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ ഷെഹ്ല റാഷിദ്. ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ പുനസ്ഥാപിക്കാതെയും ശക്തമായ നിയന്ത്രണങ്ങള്‍ തുടര്‍ന്നുകൊണ്ടും ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ആരംഭിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ റാഷിദ് ചേര്‍ന്നിരുന്നു. കശ്മീ രിലെ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു ഒത്തുതീര്‍പ്പ് ആവശ്യമാണ്. പക്ഷേ നല്ല വിശ്വാസത്തോടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ തുടരാനാവില്ല.ആക്ടിവിസ്റ്റ് എന്ന നിലയില്‍ തന്റെ ജോലി തുടരുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം പിന്‍വലിക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതുമുതല്‍ കശ്മീര്‍ താഴ്വര 65 ദിവസമായി കടുത്ത ഉപരോധത്തിലാണ്. രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും തൊഴിലാളികളും വീട്ടുതടങ്കലിലാണ്.ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും (മാര്‍ക്‌സിസ്റ്റ്) അപലപിച്ചിരുന്നു. നീതിയെ അപഹസിക്കലാണിതെന്ന് സിപിഎം പറഞ്ഞിരുന്നു.

സായുധ സേന സാധാരണക്കാരെ പീഡിപ്പിക്കുകയും താഴ്‌വരയിലെ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന് ട്വീറ്റ് ചെയ്തതിനെതുടര്‍ന്ന്‌റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഉപരോധം കാരണം മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ താന്‍ ഉയര്‍ത്തിക്കാട്ടുകയാണെന്നും അത് തുടരുമെന്നുമാണ് ഇതിനെതിരെ അവര്‍ പ്രതികരിച്ചത്.

കശ്മീരിലെ ഉപരോധം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, ഇവിടം ജനാധിപത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി ഒരു തിരഞ്ഞെടുപ്പ് അവതരിപ്പിക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നു. എന്നിരുന്നാലും, നടക്കുന്നത് ജനാധിപത്യമല്ല, മറിച്ച് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. പാവ നേതാക്കളെ പ്രതിഷ്ഠിക്കാനുള്ള പദ്ധതിയാണിതെന്ന് ഷെഹ്ല പ്രസ്താവനയില്‍ പറയുന്നു.

Read more

രാഷ്ട്രീയ നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതരാകുന്നു, ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ചും സംസ്ഥാനത്തെ വിഭജിക്കുന്നതിനെക്കുറിച്ചും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു! ഇത് പാലിക്കാത്ത ആര്‍ക്കും തടവ് അനുഭവിക്കേണ്ടിവരും. തടങ്കലില്‍ വയ്ക്കുന്നതിനെ വെല്ലുവിളിക്കുന്ന ആരെയും ക്രൂരമായ പൊതു സുരക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തും. കശ്മീരിലെ ഏത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ ഒരു വിട്ടുവീഴ്ച ആവശ്യമാണെന്ന് വ്യക്തമാണെന്നും ഷെഹ്ല പറഞ്ഞു.