സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; ഡി.കെ ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി വൈകി നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനത്തില്‍ എത്തിയത്.

ഡി.കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. ആറ് പ്രധാന വകുപ്പുകള്‍ അദ്ദേഹത്തിന് നല്‍കിയേക്കും. ഒറ്റ പദവി നിബന്ധനയിലും ഇളവ് നല്‍കി പിസിസി അധ്യക്ഷനായി തുടരാന്‍ അനുവദിക്കും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ.

ഇന്ന് വൈകിട്ട് ഏഴിന് ബംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.

മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച അനുനയ നീക്കങ്ങള്‍ക്ക് വിജയം കണ്ടത്. മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ വഴങ്ങില്ലെന്ന ഡി.കെ ശിവകുമാറിന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്.

Read more

എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ കിട്ടിയ സിദ്ധരാമയ്ക്ക് ആദ്യ ടേം നല്‍കാനായിരുന്നു തുടക്കം മുതല്‍ ഹൈക്കമാന്‍ഡ് തീരുമാനം. എന്നാല്‍ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യവുമായി ഡി.കെ എത്തുകയായിരുന്നു. മുഖ്യമന്ത്രി ആക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ഡി.കെ വ്യക്തമാക്കിയിരുന്നു.