സിക്കിമിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. 22 സൈനികർ ഉൾപ്പെടെ 103 പേർക്കായുള്ള തിരച്ചിൽ തുടരുന്നു. സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,000 ലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയവരെ കണ്ടെത്താൻ രക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം വ്യോമസേനാംഗങ്ങൾക്ക് ഇതുവരെ സംഭവ സ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. മോശം കാലാവസ്ഥ കാരണം വ്യോമസേനാംഗങ്ങളുടെ പുറപ്പെടൽ വൈകുകയാണ്. അവശ്യ സാധനങ്ങൾ ഹെലികോപ്ടർ മാർഗം ലഖനിൽ എത്തിച്ചു.
18 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നാലു ജില്ലകളിൽ വൻ നാശനഷ്ടമുണ്ടാക്കിയ ദുരന്തം 22,034 പേരെ ബാധിച്ചു. 2,011 പേരെ രക്ഷപ്പെടുത്തി. 277 വീടുകൾ തകർന്നു. 26 പേർക്ക് പരിക്കേറ്റു. മൻഗം, ഗാങ്ടോക്, പക് യോങ്, നംചി ജില്ലകളിലാണ് മിന്നൽ പ്രളയം നാശം വിതച്ചത്. ദുരന്തത്തിൽ 11 പാലങ്ങൾ തകർന്നു. മൻഗം ജില്ലയിൽ മാത്രം എട്ട് പാലങ്ങൾ ഒലിച്ചുപോയി. ദേശീയപാത 10ന്റെ ചില ഭാഗങ്ങളും ഒലിച്ചു പോയിരുന്നു. സിക്കിം സർക്കാർ 26 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഗാങ്ടോക്കിലെ എട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ മാത്രം 1,025 പേർ അഭയം തേടി.
Read more
വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കമുണ്ടാവുക ആയിരുന്നു. ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ് താങ് അണക്കെട്ടിൽ നിന്ന് വെള്ളം വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് അധികൃതർ പറഞ്ഞു.