കോഴിക്കോട് ലഹരിക്ക് അടിമയായ മകനെ നിരന്തര ഭീഷണിയെ തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ച് അമ്മ. കോഴിക്കോട് ഏലത്തൂര്‍ സ്വദേശി രാഹുലാണ് കുടുംബാംഗങ്ങളെ വധിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയതിന് പിന്നാലെ അറസ്റ്റിലായത്. പ്രതി രാഹുല്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ അമ്മ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പൊലീസ് വീട്ടിലെത്തിയ രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് രാഹുല്‍. അടിപിടി കേസുകള്‍ക്കും ലഹരി കേസുകള്‍ക്കും പുറമേ ഇയാള്‍ പോക്‌സോ കേസിലും പ്രതിയാണ്. അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തുമെന്ന് പ്രതി പതിവായി ഭീഷണിപ്പെടുത്തിയിരുന്നു.
സഹോദരിയുടെ കുഞ്ഞിനെ കൊന്ന് ജയിലില്‍ പോകുമെന്നും പ്രതി കുടുംബത്തെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പ്രതിയെ കുറിച്ച് അമ്മ തന്നെ പൊലീസില്‍ വിവരം അറിയിച്ചത്. 13 വയസ് മുതല്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് രാഹുല്‍ പറയുന്നത്. തങ്ങള്‍ മകനെ തിരുത്താന്‍ ശ്രമിച്ചിരുന്നതായി അമ്മ പറയുന്നു.
Read more
കൊലപാതകം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പ്രതി കൊല്ലുന്നതിനുളള ദിവസവും തീരുമാനിച്ചിരുന്നതായി അമ്മ പറഞ്ഞു. നിലവില്‍ പോക്‌സോ കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.