ആർഎസ്എസ് ആസ്ഥാനത്ത് ഗായകൻ ശങ്കർ മഹാദേവൻ, വിജയദശമി ആഘോഷത്തിൽ മുഖ്യാതിഥി; രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ചടങ്ങിൽ മോഹൻ ഭാഗവത്

നാഗ്പൂരിലെ ആർഎസ്എസ് വിജയദശമി ആഘോഷത്തിൽ മുഖ്യാതിഥിയായി ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവൻ. ദസറയുടെ ഭാഗമായി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ഇന്നു നടന്ന ചടങ്ങിലാണ് ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവരോടൊപ്പം സംഘടനാ സ്ഥാപക നേതാക്കളുടെ സമാധി സഥലങ്ങളിൽ ശങ്കർ മഹാദേവൻ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

ആർഎസ്എസ് സ്ഥാപക നേതാക്കളും ആചാര്യന്മാരുമായ കേശവ് ബലിറാം ഹെഡ്‌ഗെവാർ, ഗുരുജി ഗോൾവാൾക്കർ എന്നിവരുടെ സമാധി സഥലങ്ങളിലാണ് ശങ്കർ മഹാദേവൻ സന്ദർശനം നടത്തിയത്. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ സ്വയംസേവകരുടെ സംഭാവനകൾ അതുല്യമാണെന്ന് ചടങ്ങിൽ സംസാരിച്ച് ശങ്കർ മഹാദേവൻ പറഞ്ഞു.

രാജ്യം ഒരു സംഗീതമാണെങ്കിൽ അതിനകത്തെ സ്വരങ്ങളാണ് സ്വയംസേവകരെന്നും രാജ്യം നേരിടുന്ന പലതരം വെല്ലുവിളികൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തുകയാണ് അവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘വിജയദശമി ദിനത്തിൽ എല്ലാവർക്കും എന്റെ ആശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ചടങ്ങിൽ ഒരു മുഖ്യാതിഥിയായി എന്നെ സ്വാഗതം ചെയ്‌തതിൽ ഞാൻ വളരെ സന്തോഷവാനാണ്. ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനും മുഴുവൻ സ്വയംസേവക സംഘ് കുടുംബത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ ആവേശത്തിലാണ്,’ അദ്ദേഹം എഎൻഐയോട് പറഞ്ഞു.

നാഗ്പൂരിൽ ആർഎസ്എസ് നടത്തുന്ന 98 മത് വിജയദശമി ആഘോഷമാണിത്. 1925ൽ സംഘടന രൂപീകരിച്ച ശേഷം എല്ലാ വർഷവും ദസറയുടെ ഭാഗമായി നാഗ്പൂരിലെ ആസ്ഥാനത്ത് ആഘോഷ പരിപാടികൾ നടത്താറുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കുമെന്ന് ചടങ്ങിൽ സംസാരിക്കവെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. സംഭവത്തിന്റെ സ്മരണയ്ക്കായി രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങളിൽ ചടങ്ങുകൾ സംഘടിപ്പിക്കാൻ അദ്ദേഹം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ജി 20 ഇന്ത്യയിൽ നടത്താൻ കഴിഞ്ഞത് നേട്ടമാണ്. ഇന്ത്യയുടെ നയതന്ത്ര മികവ് ലോകം കണ്ടതാണ്. ക്ഷേത്രങ്ങളിൽ അടക്കം ഏതെങ്കിലും തരത്തിലുള്ള വിവേചനം ബാക്കിയുണ്ടെങ്കിൽ അത് അവസാനിപ്പിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ചിന്തിച്ചു വോട്ട് ചെയ്യണം. ചന്ദ്രയാനേയും ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടവും മോഹൻ ഭഗവത് പ്രശംസിച്ചു.

ചടങ്ങിലെ പ്രസംഗത്തിൽ മണിപ്പൂർ കലാപത്തെ കുറിച്ചും മോഹൻ ഭാഗവത് പറഞ്ഞു. ‘ഏകദേശം ഒരു ദശാബ്ദത്തോളമായി സമാധാനപരമായിരുന്ന മണിപ്പൂരിൽ പെട്ടെന്ന് പരസ്പര വൈരാഗ്യവും സംഘർഷവും ഉണ്ടായി. സമാധാന അന്തരീക്ഷം തകർക്കാൻ ആർക്കാണ് താൽപ്പര്യമുള്ളത്? ഏത് ശക്തികളാണ് വിദ്വേഷവും അക്രമവും ഉണ്ടാക്കാൻ ശ്രമിക്കുന്നത്. സമാധാനത്തിനായി ഏത് ക്രിയാത്മക നടപടിയും സ്വീകരിക്കും’- മോഹൻ ഭാഗവത് പറഞ്ഞു.

Read more

അന്താരാഷ്ട്ര സമൂഹത്തെ ലക്ഷ്യമിട്ട് ആർഎസ്എസ് പുറത്തിറക്കുന്ന പ്രാർത്ഥനാ ഗീതത്തിന്റെ സംഗീത സംവിധാനം ശങ്കർ മഹാദേവൻ നിർവഹിക്കുമെന്ന് നേരത്തെ ‘ഓർഗനൈസർ’ റിപ്പോർട്ട് ചെയ്തിരുന്നു. 1939ൽ നർഹാരി നാരായൺ ഭിഡെ രചിച്ച ‘നമസ്‌തെ സദാ വത്സലേ മാതൃഭൂമി’ എന്ന പ്രാർത്ഥനാ ഗീതമാണ് പുതിയ സംഗീതത്തിൽ പുറത്തിറക്കുന്നത്.