ഉത്തര്‍പ്രദേശില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര് ചെന്നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് ചെന്നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ജില്ലയായ ബഹ്റിച്ചിലാണ് സംഭവം നടന്നത്. ആറ് കുട്ടികളുടെ മരണം ചെന്നായ ആക്രമണത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു.
എന്നാല്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജൂലൈ 17ന് ആയിരുന്നു ആദ്യ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ബഹ്റിച്ചിലെ മഹാസി ബ്ലോക്കിലെ ഗ്രാമങ്ങളിലാണ് ചെന്നായ്കളുടെ ആക്രമണമുണ്ടായത്. ഇതോടെ സമീപത്തെ 30 ഗ്രാമങ്ങളിലെ ജനങ്ങള്‍ കൂടി ഭീതിയുടെ നിഴലിലാണ്.
Read more
സംഭവത്തിന് പിന്നാലെ ചെന്നായകളെ പിടികൂടാന്‍ വനംവകുപ്പ് ഒന്‍പത് അംഗ സംഘത്തെ നിയോഗിച്ചു. തെര്‍മല്‍ ഡ്രോണുകളുടെ സഹായത്തോടെയാണ് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കുന്നത്. ഇതുവരെ വനംവകുപ്പ് പിടികൂടിയ മൂന്ന് ചെന്നായകളെ ലഖ്നൗ മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് ആറ് ക്യാമറകളും നാല് കെണികളും സ്ഥാപിച്ചിട്ടുണ്ട്.