മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം; കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി ശര്‍മിഷ്ഠ മുഖര്‍ജി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. തന്റെ എക്‌സ് പേജിലൂടെയായിരുന്നു അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയുടെ വിമര്‍ശനം.

തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ അനുശോചന യോഗം വിളിക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് ശര്‍മിഷ്ഠ എക്‌സില്‍ കുറിച്ചു. പകരം വിഷയത്തില്‍ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചതായും ശര്‍മിഷ്ഠ ആരോപിക്കുന്നു. അച്ഛന്റെ മരണത്തിന് ശേഷം ഒരു അനുശോചന യോഗം വിളിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ലെന്നാണ് ശര്‍മിഷ്ഠയുടെ വാക്കുകള്‍.

അന്തരിച്ച രാഷ്ട്രപതിമാര്‍ക്ക് അനുശോചനം അര്‍പ്പിക്കുന്നത് പതിവുള്ളതല്ലെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ വിശ്വസിപ്പിച്ചു. എന്നാല്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ മരണത്തില്‍ കോണ്‍ ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അനുശോചനയോഗം വിളിച്ചതായി പിതാവിന്റെ ഡയറിക്കുറിപ്പില്‍ നിന്ന് മനസിലാക്കി.

അന്ന് അനുശോചന സന്ദേശം തയ്യാറാക്കിയതും പിതാവായിരുന്നുവെന്നും ശര്‍മിഷ്ഠ എക്‌സിലൂടെ വ്യക്തമാക്കി. മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം വേണമെന്നാണ് നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.