തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ 'സ്റ്റാലിന്‍ തരംഗം'; വരവറിയിച്ച് 'ഇളയ ദളപതി'

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റവുമായി സ്റ്റാലിന്റെ ഡിഎംകെയും സഖ്യകക്ഷികളും. 1381 പഞ്ചായത്ത് വാര്‍ഡുകളില്‍ 300എണ്ണത്തില്‍ ഡിഎംകെ ജയിച്ചു. പുതിയതായി രൂപീകരിച്ച ഒന്‍പത് ജില്ലകളിലാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സമാന മുന്നേറ്റമാണ് ഡിഎംകെ തദ്ദേശ തിരഞ്ഞെടുപ്പിലും നടത്തിയത്.

ഉപതിരഞ്ഞെടുപ്പ് നടന്ന 27 വാര്‍ഡുകളിലും ഭരണമുന്നണിയായ ഡിഎംകെ ജയിച്ചു. 140 ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ 88ലും ഡിഎംകെ ജയിച്ചു. നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ നാല് സീറ്റില്‍ ഒതുങ്ങി. 1381 പഞ്ചായത്ത് വാര്‍ഡുകളില്‍ 300എണ്ണത്തില്‍ ഡിഎംകെ ജയിച്ചു. 11വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ 50സീറ്റുകളില്‍ ജയിച്ചു. എഐഎഡിഎംകെയ്‌ക്കൊപ്പം 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച പിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇവര്‍ 13സീറ്റ് നേടി.

അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വരവറിയിച്ചിരിക്കുകയാണ് നടന്‍ വിജയുടെ ഫാന്‍സ്. ഒന്‍പത് ജില്ലകളിലായി 109 വാര്‍ഡുകളാണ് വിജയ് മക്കള്‍ ഇയക്കം വിജയിച്ചത്. നേരത്തെ വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാര്‍ട്ടി പിരിച്ചു വിട്ടതായി വിജയുടെ പിതാവ് എസ് ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയാക്കാന്‍ പിതാവ് ചന്ദ്രശേഖരന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ വിജയ് നീക്കത്തെ എതിര്‍ക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മത്സരിക്കാനും തന്റെ ചിത്രം ഉപയോഗിക്കാനും വിജയ് അനുവാദം നല്‍കിയിരുന്നു.

വടക്കന്‍ ജില്ലകളായ കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, മധ്യ ജില്ലകളായ വുല്ലുപുരം, റാണിപ്പേട്ട്, തിരുപ്പത്തൂര്‍, തെക്കന്‍ ജില്ലയായ തെങ്കാശി എന്നിവിടങ്ങളിലാണ് സംഘടന മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. എഐഎഡിഎംകെ തകര്‍ന്നടിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയയുടെ പരസ്യ ഇടപെടല്‍ ഇല്ലാതെ തന്നെ ഫാന്‍സ് അസോസിയേഷന് വലിയ നേട്ടം കൈവരിക്കാനായത് രാഷ്ട്രീയവൃത്തങ്ങള്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.