സവര്‍ക്കറുടെ ജന്മദിനവാര്‍ഷികത്തില്‍ നരേന്ദ്ര മോദി ആശംസയര്‍പ്പിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ ദിനാഘോഷത്തോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കത്തി സമ്മാനമായി നല്കി അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കള്‍ക്ക് സ്വയം സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനും ആയുധങ്ങള്‍ എങ്ങിനെ ഉപയോഗിക്കുന്നു എന്നറിയുന്നതിലൂടെയെ കഴിയുകയുള്ളൂവെന്നും ഹിന്ദു മഹാസഭാ വക്താവ് അശോക് പാണ്ഡെ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി മോദി സവര്‍ക്കറിന്റെ സ്വപ്നത്തിന്റെ ആദ്യപടി നേടിക്കഴിഞ്ഞെന്നും കുട്ടികള്‍ക്ക് കത്തികളും ആയുധങ്ങളും സമ്മാനിച്ച് ഹിന്ദു സൈനികരെ വളര്‍ത്തിയെടുത്ത് സവര്‍ക്കറിന്റെ മറ്റൊരു സ്വപ്നം ഞങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെന്നുമായിരുന്നു പറഞ്ഞത്. നേരത്തെ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്കരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ ചിത്രത്തിന് നേരെ വെടിയുതിര്‍ത്തു കൊണ്ടുള്ള ഹിന്ദു മഹാസഭയുടെ നടപടി ഏറെ വിവാദമായിരുന്നു.അന്ന് മുന്‍നിരയിലുണ്ടായിരുന്ന പൂജാ ശകുന്‍ തന്നെയാണ് ഇക്കുറി കത്തി വിതരണത്തിനും മുന്‍കൈയെടുത്തത്.
കത്തിക്കൊപ്പം ഭഗവത് ഗീതയുടെ ഒരു പതിപ്പ് കൂടി തങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പഠനത്തിലും പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കാണ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയതെന്നും മഹാസഭ വക്താവ് പൂജാ ശകുന്‍ പറഞ്ഞു.
Read more
സവര്‍ക്കര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സവര്‍ക്കറുടെ 136-ാം ജന്മവാര്ഷികത്തില് അദ്ദേഹത്തെ സ്മരിച്ചു കൊണ്ടുള്ള വീഡിയോയും മോദി ട്വീറ്റ് ചെയ്തിരുന്നു.