നഞ്ചിയമ്മയുടെ സമരത്തിന് നേതൃത്വം നൽകിയ സുകുമാരൻ അറസ്റ്റിൽ; തെറ്റായ പ്രചാരണം നടത്തിയെന്നാരോപണം

നഞ്ചിയമ്മയുടെ സമരത്തിന് നേതൃത്വം നൽകിയ സുകുമാരൻ അറസ്റ്റിൽ. തമിഴ്നാട് പൊലീസാണ് സുകുമാരനെ അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയതിനാണ് സുകുമാരനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഭർത്താവിൻ്റെ പേരിലുള്ള ഭൂമി കയ്യേറിയതിൽ പ്രതിഷേധിച്ചാണ് നഞ്ചിയമ്മ സമരം നടത്തുന്നത്. വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്‍റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചിയമ്മയുടെ ആരോപണം. കൈയേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തുകയാണ് നഞ്ചിയമ്മ.

തന്റെ ഭർത്താവിന്റെ ഭൂമിയിൽ കൃഷിക്കായെത്തിയ നഞ്ചിയമ്മയെയും കുടുംബത്തെയും ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരെ തടഞ്ഞത്. ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമി ഉഴുതു മറിച്ച് കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. അതേസമയം ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

അതേസമയം അഗളിയിലെ സ്വകാര്യവ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഭർത്താവിന്റെ ഭൂമി സ്വന്തം പേരിലാക്കിയതെന്ന് നഞ്ചിയമ്മ ആരോപിച്ചു. ഇതിന് ശേഷം ഭൂമി മറ്റൊരാൾക്ക് മറിച്ചു വിറ്റു. മിച്ചഭൂമി കേസ്, ടിഎൽഎ കേസും നിലനിൽക്കേയാണ് ഭൂമി കൈമാറിയതെന്ന് നഞ്ചിയമ്മ ആരോപിക്കുന്നു. അതേസമയം, സ്വകാര്യവ്യക്തി ഭൂമി കൈമാറ്റത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്ന് വില്ലേജ് ഓഫീസറും സ്ഥിരീകരിച്ചു. ഓഫീസിൽ നിന്നും രേഖ നൽകിയിട്ടില്ല. അടിസ്ഥാന രേഖ വ്യാജമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.

Read more