RR UPDATES: ചെസ്ബോർഡിൽ കരുക്കൾ നീക്കുന്നത് പോലെ ഉള്ള തന്ത്രങ്ങൾ, പഞ്ചാബിനെ തകർത്തെറിഞ്ഞ സഞ്ജു മാജിക്ക്; മത്സരത്തിലെ സാംസൺ ബ്രില്ലിയൻസുകളിൽ തോറ്റ പഞ്ചാബ്; കുറിപ്പ് വൈറൽ

”സഞ്ജു സാംസൺ തൻ്റെ പടയാളികളെ ഉപയോഗിക്കുന്ന രീതി ശ്രദ്ധിക്കൂ. രാജസ്ഥാൻ്റെ ഒരു ബോളർ തുടർച്ചയായി ഓവറുകൾ ബോൾ ചെയ്യുന്ന കാഴ്ച്ച നമ്മൾ കാണുന്നില്ല. പന്തെറിയാനുള്ള ആളുകൾ മാറിമാറി വരുന്നു. തന്മൂലം പഞ്ചാബ് ബാറ്റർമാർക്ക് നിലയുറപ്പിക്കാനോ ഏതെങ്കിലുമൊരു ബോളറെ ടാർഗറ്റ് ചെയ്യാനോ സാധിക്കുന്നില്ല…!”

രാജസ്ഥാൻ റോയൽസിനെതിരെയുള്ള പഞ്ചാബ് കിങ്സിൻ്റെ റൺചേസ് പുരോഗമിച്ചുകൊണ്ടിരുന്ന സമയത്ത് ഷെയ്ൻ വാട്സൻ കമൻ്ററി ബോക്സിലൂടെ ഉരുവിട്ട വാചകമാണിത്. ആ വാക്കുകളെ ശരിവെച്ചുകൊണ്ട് സഞ്ജുപ്പട 50 റൺസിൻ്റെ മിന്നുന്ന ജയം സ്വന്തമാക്കി!

ഈ സീസണിൽ രാജസ്ഥാൻ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യും എന്ന വിമർശനം പലരും ഉന്നയിച്ചിരുന്നു. എന്നാൽ പഞ്ചാബിൻ്റെ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. അവർ സീസണിൽ ഒരു മത്സരം പോലും തോറ്റിരുന്നില്ല. ശ്രേയസ് അയ്യർ എന്ന നായകനും റിക്കി പോണ്ടിങ്ങ് എന്ന പരിശീലകനും മുന്നിൽ നിന്ന് നയിക്കുന്ന പഞ്ചാബ് കരുത്തിൽനിന്ന് കരുത്തിലേയ്ക്ക് കുതിക്കുകയായിരുന്നു.

എന്നാൽ ടീമിൻ്റെ നായകനായി സഞ്ജു മടങ്ങിവന്നതോടെ രാജസ്ഥാൻ്റെ രൂപവും ഭാവവും മാറി! കന്നിക്കിരീടം സ്വപ്നം കാണുന്ന പഞ്ചാബ് സ്വന്തം മടയിൽ വെച്ച് അടിയറവ് പറഞ്ഞു! രാജസ്ഥാൻ്റെ ആദ്യത്തെ മൂന്ന് കളികൾ കണ്ടപ്പോൾ ഒരു നെഗറ്റീവ് വൈബ് ആണ് കിട്ടിയിരുന്നത്. രണ്ട് മത്സരങ്ങളിൽ അവർ ദയനീയ പരാജയം ഏറ്റുവാങ്ങി. ഒരു ഗെയിം വിജയിച്ചുവെങ്കിലും രാജസ്ഥാൻ ടീമിൽ നിന്ന് പോസിറ്റീവ് എനർജി അകന്നുനിൽക്കുന്നതായിട്ടാണ് അനുഭവപ്പെട്ടിരുന്നത്. മികച്ച മാൻ മാനേജറായ സഞ്ജു രാജസ്ഥാൻ ടീമിൻ്റെ അന്തരീക്ഷം തന്നെ മാറ്റിയെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ ഏറ്റവും വലിയ പ്രതിയോഗിയായ ഹസരംഗയുമായി സഞ്ജു ഉണ്ടാക്കിയെടുത്ത കെമിസ്ട്രി എത്ര മനോഹരമാണ്!.

”വെൽ ബോൾഡ് മച്ചാ” എന്ന് പറഞ്ഞിട്ടാണ് സഞ്ജു ഹസരംഗയെ അഭിനന്ദിച്ചിരുന്നത്! ആൾക്കൂട്ടമായിരുന്ന രാജസ്ഥാൻ എത്ര പെട്ടന്നാണ് ഒരു ടീമായി പരിണമിച്ചത്! സഞ്ജു നന്നായി ഗൃഹപാഠം ചെയ്യുന്നുണ്ട് എന്ന കാര്യം വ്യക്തമാണ്. സന്ദീപ് ശർമ്മയ്ക്ക് മാർക്കസ് സ്‌റ്റോയിനിസിനെതിരെ മികച്ച റെക്കോർഡ് ഉണ്ടായിരുന്നു.മാക്സ് വെല്ലിനെ പലതവണ പുറത്താക്കിയ ചരിത്രം തീക്ഷണയ്ക്കുണ്ടായിരുന്നു. ഇതെല്ലാം അറിയാവുന്ന സഞ്ജു ചെസ്ബോർഡിൽ കരുക്കൾ നീക്കുന്നത് പോലെ തീരുമാനങ്ങൾ എടുത്തു. സന്ദീപ് സ്റ്റോയിനിസിനെയും തീക്ഷണ മാക്സ്‌വെല്ലിനെയും ഒരിക്കൽക്കൂടി പുറത്താക്കി!

മുള്ളൻപൂരിലെ മൈതാനത്തിലെ പുതിയ പിച്ചാണ് മത്സരത്തിന് ഉപയോഗിച്ചത്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ടോസ് കിട്ടുന്ന നായകൻ ബോളിങ്ങ് തെരഞ്ഞെടുക്കും. പരിചയമില്ലാത്ത പിച്ച് എങ്ങനെ പ്രതികരിക്കും എന്ന് മനസ്സിലാക്കുകയാണ് ആ തീരുമാനത്തിൻ്റെ ലക്ഷ്യം. പിച്ചിൻ്റെ സ്വഭാവം പഠിക്കാൻ സാധിച്ചാൽ റൺചേസിൽ കൂടുതൽ മികവോടെ ബാറ്റ് ചെയ്യാൻ സാധിക്കും. ടോസ് ജയിച്ച് സഞ്ജുപ്പടയെ ബാറ്റിങ്ങിന് അയച്ച ശ്രേയസ് ഉദ്ദ്യേശിച്ചത് അതുതന്നെയായിരുന്നു. അയാൾ അത് പരസ്യമായി പറയുകയും ചെയ്തു. പഞ്ചാബ് ബോളർമാർക്ക് പന്ത് മൂവ് ചെയ്യിക്കാൻ സാധിച്ചിരുന്നു. പക്ഷേ സഞ്ജുവും ജയ്സ്വാളും അതിനെ അതിജീവിച്ചു. അവർ എല്ലാ ബോളും അടിച്ചുപറത്താൻ ശ്രമിച്ചില്ല. അമിത പ്രതിരോധത്തിലേയ്ക്ക് ഉൾവലിഞ്ഞതുമില്ല.

ഫീൽഡിലെ പഴുതുകൾ കണ്ടെത്താനും പേസ് ഓഫ് ഡെലിവെറികളെ തിരിച്ചറിയാനും സഞ്ജുവിന് കഴിഞ്ഞു. കാര്യമായ റിസ്കുകൾ എടുക്കാതെ തന്നെ സഞ്ജുവും ജയ്സ്വാളും നല്ലൊരു അടിത്തറയിട്ടു. അതിന്മേലാണ് റിയാൻ പരാഗ് പടവുകൾ കെട്ടിയത്. 180-ന് മുകളിലുള്ള റൺചേസ് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഗ്രൗണ്ടിൽ രാജസ്ഥാൻ 200 കടന്നപ്പോൾ ചുവരെഴുത്ത് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജു സ്വന്തമാക്കിയ 38 റണ്ണുകൾക്ക് നമ്മൾ കരുതുന്നതിനേക്കാൾ മൂല്യമുണ്ട്. സഞ്ജു നടത്തിയ ഒരു സേവും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. വദേരയ്ക്കെതിരെ തീക്ഷണ എറിഞ്ഞ ഒരു പന്ത് വൈഡ് ആയി ബൗണ്ടറിയിൽ എത്തേണ്ടതായിരുന്നു. പക്ഷേ സഞ്ജു അത് തടുത്തിട്ടു! ബാറ്ററുടെ ക്രീസിലെ അനക്കങ്ങൾ മൂലം പന്ത് അദൃശ്യമായപ്പോഴും സഞ്ജുവിന് പിഴച്ചില്ല!

Read more

രാജസ്ഥാൻ ഫാൻസിന് ഇനി സ്വപ്നങ്ങൾ കണ്ടുതുടങ്ങാം. സഞ്ജു ഉള്ളപ്പോൾ രാജസ്ഥാൻ വലിയ യുദ്ധങ്ങൾക്ക് സജ്ജരാണ്!! മത്സരശേഷം ഇയൻ ബിഷപ്പ് റിയാൻ പരാഗിനോട് ചോദിച്ചിരുന്നു- ”സഞ്ജു എത്തിയതോടെ ക്യാപ്റ്റൻസി ജോലിയിൽ നിന്ന് താങ്കൾക്ക് വിടുതൽ ലഭിച്ചു. അതിനെ എങ്ങനെ കാണുന്നു…!? പരാഗ് മറുപടി നൽകി ”സഞ്ജുവാണ് ഈ ടീമിൻ്റെ നായകൻ. എന്നും എപ്പോഴും അദ്ദേഹമാണ് ഞങ്ങളുടെ കപ്പിത്താൻ..!!”