ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

വിവാഹിതരായ സ്ത്രീകൾക്കായി ഛത്തീസ്ഗഢ് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിൽ തട്ടിപ്പ്. നടി സണ്ണി ലിയോണിൻ്റെ പേരിൽ അക്കൗണ്ട് തുറന്ന് തട്ടിപ്പ് സംഘം മാസം 1,000 രൂപ വീതമാണ് കൈക്കലാക്കിയത്. വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതിയായ മഹ്താരി വന്ദൻ യോജനയിലാണ് തട്ടിപ്പ്.

ബിജെപി സർക്കാർ നടപ്പിലാക്കിയ പദ്ധതിയിലൂടെ നിരവധി പേർക്കാണ് ഈ തുക ലഭിക്കുന്നത്. തുക നിക്ഷേപിച്ച അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിൻ്റെ പേരിലാണെന്ന വിവരം പുറത്തുവരികയാണ്. ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ തലൂർ ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വീരേന്ദ്ര ജോഷി എന്നയാളാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർ നടപടികൾക്കായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തട്ടിപ്പിൽ കൂട്ടു പ്രതികളായ ഉദ്യോഗസ്ഥരെയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും തീരൂമാനമായിട്ടുണ്ട്.

വിവരം പുറത്തായതിന് ശേഷം ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രം​ഗത്ത് എത്തിയിട്ടുണ്ട്. മഹ്താരി വന്ദൻ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്നാണ് കോൺഗ്രസിന്റെ വാദം.