വിദ്യാഭ്യാസത്തിലും നിയമനങ്ങളിലും 10 ശതമാനം സാമ്പത്തികസംവരണം ഏര്‍പ്പെടുത്തി മോദിസര്‍ക്കാര്‍ 2019ല്‍ കൊണ്ടുവന്ന 103ാം ഭരണഘടന ഭേദഗതിയുടെ സാധുതക്കെതിരെ 39 ഹര്‍ജികളാണ് സുപ്രീംകോടതി പരിശോധിച്ചത്. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഹര്‍ജികളിലെ നാല് ചോദ്യങ്ങളാണ് ഡ്രാഫ്റ്റ് ചെയ്തത്. ഇതില്‍ മൂന്ന് ചോദ്യങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഇതില്‍ വീറുറ്റവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഒടുവില്‍ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി, ജെ.ബി. പര്‍ദിവാലയും മുന്നാക്ക സംവരണത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജിച്ചു. മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജന വിധിയില്‍ പറയുന്നു.
കോടതി പരിഗണിച്ച മൂന്ന് പ്രധാന ചോദ്യങ്ങള്‍:
1. സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തെ അനുവദിക്കുക വഴി ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ.
2. സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സംവരണം ഉള്‍പ്പെടെയുള്ള പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തെ അനുവദിച്ചുകൊണ്ടുള്ള 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതായി പറയാമോ.
3. എസ്.ഇ.ബി.സി (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍)/ ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) / പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ എന്നിവയെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ഭരണഘടനാപരമായി ശരിയാണോ.
39 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമാണു ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നാക്ക സംവരണം അനുവദിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
Read more
പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിനാല്‍ സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്നു പറയാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, വിധി പ്രതികൂലമായാല്‍ വന്‍ തിരിച്ചടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്ക്കൂട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലും ഹിമാലല്‍ പ്രദേശിലും തെരഞ്ഞെടുപ്പിലും ബിജെപി ഈ വിധി രാഷ്ട്രീയമായി ഉയര്‍ത്തികാട്ടിയേക്കും.