ജയിലിൽ കോവിഡ് പടരുന്നു ജാമ്യം വേണമെന്ന് സൂര്യനെല്ലി കേസ് മുഖ്യപ്രതി; നൽകരുതെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയിൽ

സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധർമ്മരാജന് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എസ്.ഷെരീഫ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് നിലവിൽ ധർമ്മരാജൻ. ഇയാൾക്ക് ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാനും കേസിലെ ഇരയെ ഭീഷണിപ്പെടുത്താനും സാധ്യത ഉണ്ടെന്ന് ഡിവൈഎസ്‌പി കോടതിയെ അറിയിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് പടരുകയാണെന്നും അതിനാൽ തനിക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്നുമാണ് ധർമ്മരാജന്റെ ആവശ്യം.

ഇക്കാര്യത്തിൽ പൂജപ്പുര ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായരുമായി ചർച്ച നടത്തിയ ശേഷം ജയിലിൽ 701 തടവുകാരുണ്ടെന്നും എന്നാൽ കോവിഡ് വ്യാപനമില്ലെന്നും. രണ്ട് മാസത്തിനിടെ കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുപ്രീം കോടതിയെ അറിയിച്ചു.

ധർമ്മരാജൻ ചെയ്തത് കൂട്ടബലാത്സംഗമാണെന്നും ഇതിന് ജയിൽ ചട്ടമനുസരിച്ച് പരോളിന് അർഹതയില്ലെന്നും ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. മുൻപ് കേസ് വിചാരണ സമയത്ത് ധർമ്മരാജൻ ഒളിവിൽ പോയിരുന്നു. ഇയാൾ ഇതുവരെ പത്ത് വർഷം തടവ്ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഇത് കാണിച്ചാണ് ജാമ്യാപേക്ഷയുമായി ധർമ്മരാജൻ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.