വയനാടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കൈയേറ്റങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. കര്‍ണാടകത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിലെ കൈയേറ്റങ്ങളും അനധികൃതനിര്‍മാണങ്ങളും കണ്ടെത്തി ഒഴിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ വനംവകുപ്പിനോട് നിര്‍ദേശിച്ചിരുന്നു.
സര്‍ക്കാരിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി വനംമന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ വനം കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മസേനയ്ക്ക് രൂപം നല്‍കി. പരിശോധന ആരംഭിച്ചു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ജില്ലകളില്‍ പരിശോധന നടത്തും. അശാസ്ത്രീയമായ റോഡുനിര്‍മാണത്തിനെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
2015-നുശേഷം വനമേഖലയില്‍ നടത്തിയ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാനാണ് നിര്‍ദേശം. കൈയേറ്റക്കാര്‍ക്ക് കര്‍ണാടക വനംനിയമം 64 എ വകുപ്പുപ്രകാരം നോട്ടീസ് നല്‍കും.
Read more
അസിസ്റ്റന്റ് വനം കണ്‍സര്‍വേറ്റര്‍മുതല്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് വനം കണ്‍സര്‍വേറ്റര്‍മാര്‍വരെയുള്ളവര്‍ക്ക് നടപടിയെടുക്കാന്‍ അനുമതി നല്‍കി. കൈയേറ്റവുമായി ബന്ധപ്പെട്ട കോടതികളിലുള്ള കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ ആവശ്യമായ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പൊളിച്ചു നീക്കും. പശ്ചിമഘട്ടം കൈയേറിയുള്ള വാണിജ്യപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. വനഭൂമിയിലൂടെ അശാസ്ത്രീയരീതിയില്‍ റോഡുകള്‍ നിര്‍മിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കുമെന്നും ഈശ്വര്‍ ഖാന്‍ഡ്രെ വ്യക്തമാക്കി.