ഉത്തർപ്രദേശിൽ അനാമിക ശുക്ല എന്ന അധ്യാപിക 25 സ്കൂളുകളിൽ മാസങ്ങളായി ജോലി ചെയ്യുകയും ഒരു കോടി രൂപ ശമ്പളമായി തട്ടിക്കുകയും ചെയ്തതായി വാർത്താ ഏജൻസി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. ഇത് അസാദ്ധ്യമാണെന്ന് തോന്നുമെങ്കിലും കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിൽ (കെജിബിവി) ജോലി ചെയ്തിരുന്ന ഒരു മുഴുവൻസമയ സയൻസ് അദ്ധ്യാപികയായിരുന്ന ഇവർ അംബേദ്കർ നഗർ, ബാഗ്പത്, അലിഗഡ്, സഹാറൻപൂർ, പ്രയാഗ്രാജ് തുടങ്ങിയ ജില്ലകളിലെ ഒന്നിലധികം സ്കൂളുകളിൽ ഒരേസമയം ജോലി ചെയ്തിരുന്നു.
അധ്യാപകരുടെ ഒരു ഡാറ്റാബേസ് സൃഷ്ടിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്.
മാനവ് സമ്പദ പോർട്ടലിലെ അധ്യാപകരുടെ ഡിജിറ്റൽ ഡാറ്റാബേസിന് അധ്യാപകരുടെ സ്വകാര്യ രേഖകൾ, ചേരുന്ന തിയതി, സ്ഥാനക്കയറ്റം എന്നിവ ആവശ്യമാണ്.
റെക്കോഡുകൾ അപ്ലോഡ് ചെയ്തു കഴിഞ്ഞപ്പോൾ, ഒരേ വ്യക്തിഗത വിശദാംശങ്ങളുള്ള അനാമിക ശുക്ലയെ 25 സ്കൂളുകളിൽ ലിസ്റ്റു ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.
നിലവിൽ ഒളിവിൽ പോയ ഈ അധ്യാപികയെ കുറിച്ചുള്ള വസ്തുതകൾ കണ്ടെത്താൻ അന്വേഷണം നടന്നു വരികയാണെന്ന് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ വിജയ് കിരൺ ആനന്ദ് പറഞ്ഞതായാണ് റിപ്പോർട്ട്.
“യുപിയിലെ പ്രൈമറി സ്കൂളുകളിൽ അധ്യാപകരുടെ സാന്നിദ്ധ്യത്തിന്റെ തത്സമയം നിരീക്ഷണം ഉണ്ടായിരുന്നിട്ടും അധ്യാപികയായ അനാമിക ശുക്ലയ്ക്ക് ഇത് ചെയ്യാൻ കഴിഞ്ഞത് ആശ്ചര്യകരമാണ്. പ്രേണ പോർട്ടലിൽ ഓൺലൈനിൽ അവരുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തേണ്ടി വരുമ്പോഴും ഒരു അധ്യാപികയ്ക്ക് പല സ്ഥലങ്ങളിലും അവളുടെ സാന്നിദ്ധ്യം എങ്ങനെ അടയാളപ്പെടുത്താനാകും? ഇതിന് സമഗ്രമായ അന്വേഷണം ആവശ്യമാണ്,” മാർച്ചിൽ ടീച്ചറിനെ കുറിച്ച് ആദ്യമായി പരാതി ലഭിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു.
എല്ലാ സ്കൂളുകളിലെയും രേഖകൾ അനുസരിച്ച്, ഒരു വർഷത്തിലേറെയായി അനാമിക ശുക്ല ഈ സ്കൂളുകളുടെ പട്ടികയിൽ ഉണ്ടായിരുന്നു.
കെജിബിവി ദുർബല വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കുള്ള ഒരു റെസിഡൻഷ്യൽ സ്കൂളാണ്, കൂടാതെ അധ്യാപകരെ കരാറിൽ നിയമിക്കുന്നു. പ്രതിമാസം 30,000 രൂപയാണ് അവർക്ക് നൽകുന്നത്. ഒരു ജില്ലയിലെ ഓരോ ബ്ലോക്കിലും ഒരു കസ്തൂർബ ഗാന്ധി സ്കൂൾ ഉണ്ട്.
2020 ഫെബ്രുവരി വരെ 13 മാസത്തിനിടെ അനാമിക ഈ സ്കൂളുകളിൽ നിന്ന് ഒരു കോടി രൂപ ശമ്പളമായി വീട്ടിലെത്തിച്ചു.
മെയ്ൻപുരി സ്വദേശിയായ അനാമിക ശുക്ല അവസാനമായി റായ് ബറേലിയിലെ കെജിബിവിയിൽ ഫെബ്രുവരി വരെ ജോലി ചെയ്തതായി കണ്ടെത്തി, ഈ സമയത്താണ് തട്ടിപ്പ് വെളിച്ചത്ത് വരുന്നത്.
അനാമിക ശുക്ല എന്ന അദ്ധ്യാപികയെ കുറിച്ച് പരിശോധിക്കാൻ സർവ്വ ശിക്ഷാ അഭിയാൻ ഓഫീസ് ആറ് ജില്ലകൾക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് റായ് ബറേലിയിലെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ ആനന്ദ് പ്രകാശ് പറഞ്ഞു.
“പട്ടികയിൽ റായ് ബറേലിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലായിരുന്നെങ്കിലും ഞങ്ങൾ ക്രോസ് ചെക്ക് നടത്തി ഞങ്ങളുടെ കെജിബിവിയിൽ ഈ സ്ത്രീ ജോലി ചെയ്യുന്നതായി കണ്ടെത്തി. അവർക്ക് നോട്ടീസ് അയച്ചെങ്കിലും അവർ റിപ്പോർട്ട് നൽകിയില്ല. ശമ്പളം ഉടൻ നിർത്തിവെച്ചു.” അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ കാരണം അന്വേഷണം തുടരാനാകില്ലെന്നും എന്നാൽ ഇപ്പോൾ രേഖകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നുള്ള ശമ്പളത്തിനായി അനാമിക ശുക്ല ഒരേ ബാങ്ക് അക്കൗണ്ട് തന്നെയാണോ ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തേണ്ടതായിട്ടുണ്ട്.
Read more
Image is Representational