വനിതാ ദിനം: വനിതാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ എല്ലാ വനിതാ ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. സര്‍ക്കാര്‍ മേഖലകളിലും സ്വകാര്യം മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും അവധി ബാധകമാണ്. ഇത് സംബന്ധിച്ച് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ ചീഫ് സെക്രട്ടറി ഒപ്പുവച്ചു.

ചീഫ് സെക്രട്ടറി ശാന്തി കുമാരി ഒപ്പിട്ട ഉത്തരവില്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലിംഗ സമത്വം ഉറപ്പാക്കുന്നതിനും വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുമാണ് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്.

ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് തെലങ്കാന സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. വനിതകളുടെ പ്രാധാന്യം സമൂഹത്തിന് കാണിച്ചുകൊടുക്കാനായി വിവിധ പരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

നഗര-ഗ്രാമ-തദ്ദേശ മേഖലകളിലെ വനിതാ ജനപ്രതിനിധികളെയും സ്വയം സഹായ സംഘങ്ങളിലേയും വിവിധ എന്‍ജിഒകളിലേയും സ്ത്രീകളുടെ പങ്കാളിത്തം പരിപാടിയില്‍ ഉറപ്പ് വരുത്തും.