വീണ്ടും മോദിയെ പുകഴ്ത്തി തരൂർ; 'വാക്സിൻ നയം ഇന്ത്യയെ ലോകനേതൃ പദവിയിലേക്ക് ഉയർത്തി', കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ലേഖനം

കേന്ദ്രസർക്കാരിനെ പ്രശംസിച്ച് വീണ്ടും ശശി തരൂർ രംഗത്ത്. കോവിഡ് 19 കാലത്തെ വാക്സിൻ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തി. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ നൽകി, സഹായഹസ്‌തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും തരൂർ പറഞ്ഞു.

ദി വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂരിന്റെ പ്രശസം. തരൂരിൻ്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത് വന്നു. ഈ അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ ശശി തരൂരിനെ കോൺഗ്രസ് പുറത്താക്കില്ലെന്ന് കരുതാമെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാലെ പ്രതികരിച്ചു.

നേരത്തെ തരൂർ നരേന്ദ്രമോദിയെ പ്രശംസിച്ചത് വൻ വാർത്തയായി മാറിയിരുന്നു. റഷ്യ യുക്രെയിൻ യുദ്ധത്തിൽ മോദിയുടേത് ശരിയായ നയമെന്നാണ് അന്ന് ശശി തരൂർ പറഞ്ഞത്. ഡൽഹിയിൽ നടന്ന റായിസിന ഡയലോഗിൽ സംസാരിക്കുകയായിരുന്നു തരൂർ. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ നയതന്ത്ര വിദഗ്ധർ പങ്കെടുത്ത റായിസിന ഡയലോഗിലെ തരൂരിന്റെ പ്രസ്താവന കോൺഗ്രസിൽ ഇതിനോടകം തലവേദനയായിട്ടുണ്ട്.