പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചില്ല; നിബന്ധനകള്‍ പാലിച്ചില്ല; സമഗ്ര ശിക്ഷ പദ്ധതിയില്‍ കേരളത്തിനുള്ള കോടികളുടെ ധനസഹായം പിടിച്ചുവെച്ച് കേന്ദ്ര സര്‍ക്കാര്‍

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചിട്ടില്ലാത്തതിനാലും നിബന്ധനകള്‍ പാലിക്കാത്തതിനാലും സമഗ്ര ശിക്ഷ പദ്ധതിയുടെ മൂന്നും നാലും ഗഡുക്കള്‍ കേരളത്തിന് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 2023-24 സാമ്പത്തിക വര്‍ഷത്തിലെ സമഗ്ര ശിക്ഷ പദ്ധതിയുടെ ഗഡുക്കളാണ് മുടങ്ങിയത്.

ലോക്‌സഭയില്‍ ആന്റോ ആന്റണി എം.പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ക്കാണ് മൂന്നും നാലും ഗഡുക്കള്‍ നല്‍കാതിരുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപ്, ഡല്‍ഹി, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചിട്ടില്ല. ഇതോടെ ഈ പദ്ധതി മുഖേന ലഭിക്കേണ്ടിയിരുന്ന ധനസഹായവും നഷ്ടമായിയെന്ന് അദേഹം പറഞ്ഞു.

Read more

2024-25 സാമ്പത്തിക വര്‍ഷം ആദ്യ ഗഡുവിനായി 15 സംസ്ഥാനങ്ങള്‍ പദ്ധതി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. കേരളമുള്‍പ്പെടെ 21 സംസ്ഥാനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കിയതില്‍ 11 സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ ഗഡു നല്‍കിയത്. ഇതില്‍ കേരളമുള്‍പ്പെട്ടിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.