പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ തയാറെടുത്ത പ്രശസ്ത കൊമേഡിയനും ഹാസ്യനടനുമായ ശ്യാം രംഗീലയുടെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. വാരാണസി ലോക്സഭ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിക്കാനാണ് ശ്യാം രംഗീല നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നേരത്തെ മോദിക്കെതിരെ നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ശ്യാം രംഗീല രംഗത്തെത്തിയിരുന്നു.
മോദിക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശ്യാം രംഗീല മേയ് 14 നാണ് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ശ്യാമിന്റെ പത്രിക തള്ളിയതായി വെബ് സൈറ്റ് കാണിക്കുകയായിരുന്നു. തന്നെ നാമനിർദ്ദേശം ചെയ്യുന്നവർ ഉണ്ടായിട്ടും എല്ലാ ഫോമുകളും പൂരിപ്പിച്ചിട്ടും ഇത് സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറല്ലെന്ന് മേയ് 13ന് ശ്യാം രംഗീല എക്‌സിൽ കുറിച്ചിരുന്നു. തന്റെ ഫോൺകോളുകളോട് ഉദ്യോഗസ്ഥർ പ്രതികരിക്കുന്നില്ലെന്നും ശ്യാം ആരോപിച്ചിരുന്നു.
പിന്നീട് നാമനിർദേശ പത്രിക സമർപ്പിച്ചതായി ശ്യാം രംഗീല വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ‘ജനാധിപത്യം കൊലചെയ്യപ്പെട്ടു’ എന്നാണ് നാമനിർദ്ദേശ പത്രിക തള്ളിയതിനെ കുറിച്ച് ശ്യാം രംഗീല പറഞ്ഞത്. തിരഞ്ഞെടുപ്പിനെ ഒരു ഗെയിമായാണ് കമീഷൻ മാറ്റിയിരിക്കുന്നത്. ഇന്ന് എന്റെ പത്രിക നിരസിക്കപ്പെട്ടു. ഇതിനായിരുന്നുവെങ്കിൽ അവർ അത് സ്വീകരിക്കേണ്ടിയിരുന്നില്ല. 24 മണിക്കൂറിനുള്ളിലാണ് നാമനിർദേശ പത്രിക തള്ളാനുള്ള തീരുമാനം കമ്മീഷൻ എടുത്തത്. താൻ എല്ലാവിവരങ്ങളും പത്രികയോടൊപ്പം സമർപ്പിച്ചിരുന്നുവെന്നും ശ്യാം രംഗീല കൂട്ടിച്ചേർത്തു.
नॉमिनेशन के पीछे का कारण जो चुनाव आयोग कार्यालय से आपको दिखा रहें है उसकी भी सच्चाई आपके सामने रख रहा हूँ,
लोकतंत्र में उन्हीं को लड़ने का अधिकार है जिन्हें आयोग चुनेगा 🙏🏽💔 pic.twitter.com/aBFK6Zejry— Shyam Rangeela (@ShyamRangeela) May 15, 2024
മെയ് 10 മുതൽ താൻ പത്രിക സമർപ്പിക്കാനുള്ള ശ്രമം നടത്തിവരികയായിരുന്നു. എന്നാൽ പത്രിക സ്വീകരിക്കാൻ ആരും തയ്യാറായിരുന്നില്ല. മേയ് 14 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് പ്രവേശനം അനുവദിച്ചത്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയാം. ഇന്ന്, നാമനിർദ്ദേശം ഫയൽ ചെയ്യുന്നതിന് ആവശ്യമായ സത്യവാങ്മൂലം കാണാനില്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചത്’ എന്നായിരുന്നു ശ്യാം രംഗീല ഇന്നലെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. വിവരമറിഞ്ഞ് രാത്രി തന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ ശ്രമിച്ചെങ്കിലും ഡിഎം പുറത്താക്കിയതായും ശ്യാം ആരോപിച്ചു.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മേയ് 14 ന് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ദിവസമായ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ് നടക്കുന്നത്.
2014 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയായിരുന്നു ശ്യാം രംഗീല. പ്രധാനമന്ത്രിയെ പിന്തുണച്ച് നിരവധി വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെയും വീഡിയോകൾ ഷെയർ ചെയ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷമായി സ്ഥിതി മാറി, ഇന്ന് രാഷ്ട്രീയ നേതാക്കളെ വിമർശിക്കാൻ പറ്റാതായ അവസ്ഥവന്നെന്നും ചൂണ്ടിക്കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താല്പര്യം ശ്യാം പ്രകടിപ്പിച്ചത്.
നേരത്തെ കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ നടന്ന ജംഗിൾ സഫാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം ധരിച്ച്, ജലാന പുള്ളിപ്പുലി സങ്കേതത്തിൽ നീല്‍ഗായ് മൃഗത്തിന് ഭക്ഷണം നൽകുന്ന ശ്യാം രംഗീലയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ശ്യാമിന് വനം വകുപ്പ് നോട്ടീസ് അയച്ചു.
Read more
2017ൽ റിയാലിറ്റി ഷോ മല്‍സരാര്‍ത്ഥിയായ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുന്നതില്‍ വിലക്ക് നേരിട്ടെന്ന് ആരോപിച്ചും ശ്യാം രംഗീല രംഗത്തെത്തിയിരിന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്ററര്‍ ചലഞ്ച് എന്ന പരിപാടി അവതരിപ്പിക്കുമ്പോഴാണ് ശ്യാമിന് ഈ നിര്‍ദേശം ലഭിച്ചതെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകരെ അനുകരിക്കുന്നതില്‍ ഏറെ ശ്രദ്ധേയനാണ് ശ്യാം. എന്നാല്‍ ഷൂട്ടിങ്ങിനിടയില്‍ പ്രധാനമന്ത്രിയെ അനുകരിക്കരുതെന്നും രാഹുല്‍ ഗാന്ധിയെ അനുകരിക്കാമെന്നും നിര്‍ദേശം ലഭിച്ചെന്നും ശ്യാം ആരോപിച്ചിരുന്നു.