മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞ സംഭവം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് പൊലീസ്, കേസ് എടുക്കേണ്ടെന്ന നിലപാടിൽ ഡിഎംകെ

തമിഴ്നാട് മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞത് ബിജെപി പ്രവർത്തകരാണെന്ന് വ്യക്തമാക്കി പൊലീസ്. ഇരുവേൽപെട്ടിലെ ബിജെപി പ്രവർത്തകരായ വിജയറാണി, രാമകൃഷ്ണൻ എന്നിവരാണ് മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞത്. അതേസമയം വിഷയത്തിൽ കേസ് എടുത്ത് വിഷയം സജീവമാക്കേണ്ടെന്നാണ് ഡിഎംകെയിൽ ഉയരുന്ന അഭിപ്രായം.

തമിഴ്‌നാട്ടിലെ മഴക്കെടുതി വിലയിരുത്തുന്നതിനിടെയാണ് മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞ് ജനങ്ങളുടെ പ്രതിഷേധം. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലായിരുന്നു സംഭവം. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ മന്ത്രിക്കു നേരെ ഒരു വിഭാഗം ജനങ്ങള്‍ തിരിയുകയും ചെളിവാരി എറിയുകയുമായിരുന്നു. എന്നാൽ ഇവർ ബിജെപി പ്രവർത്തകരാണെന്നാണ് പൊലീസ് പറയുന്നത്.

ദേശീയ പാത ഉപരോധിച്ച നാട്ടുകാര്‍ക്കിടയിലേക്കാണ് മന്ത്രി എത്തിയത്. വെള്ളപ്പൊക്കസമയത്ത് തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. മുന്‍ എംപിയായ മകന്‍ ഗൗതം സിഗമണിക്കൊപ്പം വന്ന മന്ത്രി കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും തയ്യാറാകാതിരുന്നതോടെ നാട്ടുകാര്‍ രോഷാകുലരായി. അതിനിടെയാണ് ആളുകള്‍ ചെളിവാരിയെറിഞ്ഞത്. ഇതോടെ മന്ത്രി കാറിന് പുറത്തിറങ്ങി പ്രദേശം സന്ദര്‍ശിച്ചു. അതേസമയം സംഭവം ഗൗരവമായി എടുക്കുന്നില്ലെന്ന് മന്ത്രി കെ. പൊന്മുടിയും പ്രതികരിച്ചിരുന്നു. അതേസമയം, മന്ത്രിയുടെ ദേഹത്തെ ചെളി ഡിഎംകെ സർക്കാരിനുള്ള സർട്ടിഫിക്കേറ്റാണെന്ന് ബിജെപി പരിഹസിച്ചു.

Read more