ഉടമസ്ഥനരികിലേക്ക് 250 കിലോമീറ്റര്‍ നടന്ന് തിരികെയെത്തിയ നായയ്ക്ക് വിരുന്നൊരുക്കി നാട്ടുകാര്‍. വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി ഗ്രാമത്തിലാണ് സംഭവം നടന്നത്. തീര്‍ത്ഥാടനത്തിന് പോയ യജമാനനൊപ്പമാണ് നായ ഗ്രാമത്തിന് പുറത്തേക്ക് പോയത്. ദക്ഷിണ മഹാരാഷ്ട്രയിലെ തീര്‍ത്ഥാടന പട്ടണമായ പന്ദര്‍പൂരിലേയ്ക്കായിരുന്നു തീര്‍ത്ഥാടനം.
ജൂണ്‍ അവസാന വാരമാണ് നായയുടെ ഉടമസ്ഥനും ഗ്രാമവാസിയുമായ കുംഭര്‍ പന്ദര്‍പൂരിലേയ്ക്ക് തീര്‍ത്ഥാടനം നടത്തിയത്. ഭജനയുമായി യാത്ര ചെയ്ത യജമാനനൊപ്പം യാത്ര ചെയ്ത നായയെ വിഠോബ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നായ മറ്റൊരു തീര്‍ത്ഥാടക സംഘത്തിനൊപ്പം പോയെന്ന് വിവരം ലഭിച്ചു.
ഇതേ തുടര്‍ന്ന് കുംഭര്‍ തിരികെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജൂലൈ 14ന് ആയിരുന്നു കുംഭറിന്റെ മടക്കം. നാട്ടിലെത്തിയ കുംഭര്‍ നായ നഷ്ടപ്പെട്ടതില്‍ അതീവ ദുഃഖിതനായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ കണ്ട കാഴ്ച കുഭറിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. തന്റെ നഷ്ടപ്പെട്ട നായ വീടിന് മുന്നില്‍ വാലും കുലുക്കി നില്‍ക്കുന്നതാണ് കുംഭര്‍ കണ്ട കാഴ്ച.
Read more
ഇതിന് പിന്നാലെയാണ് കുംഭറും ഗ്രാമവാസികളും ചേര്‍ന്ന് തിരികെ എത്തിയ നായയ്ക്ക് വിരുന്നൊരുക്കിയത്. നായ 250 കിലോമീറ്ററോളം സഞ്ചരിച്ചതായാണ് ഗ്രാമവാസികള്‍ അവകാശപ്പെടുന്നത്. സംഭവത്തിന് ശേഷം നാട്ടിലെ താരമാണ് കുംഭറിന്റെ നായ.