പശ്ചിമഘട്ട സംരക്ഷണ കരട് വിജ്ഞാപനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. കേരളത്തില്‍ നിന്നുള്ള കര്‍ഷക ശബ്ദം എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. അന്തിമ വിജ്ഞാപനം വരുമ്പോള്‍ പരാതിയുണ്ടെങ്കില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് അറിയിച്ചു.
സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവരുന്ന കരട് വിജ്ഞാപനം കൃഷിയെയും കര്‍ഷക നിലനില്‍പ്പിനെയും കാര്യമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പശ്ചിമഘട്ട കരടുവിജ്ഞാപനം പ്രകാരം, കേരളത്തിലെ 123 ജനവാസ ഗ്രാമങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. 2020ലാണ് കര്‍ഷകശബ്ദം സംഘടന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്തുകൊണ്ടാണ് ഹര്‍ജി നല്‍കാന്‍ ഇത്രയേറെ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
Read more
വിഷയത്തില്‍ ഒരുപാട് ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് ഹര്‍ജി നല്‍കിയതെന്നും അതിലാണ് വൈകിയതെന്നും ഹര്‍ജിക്കാര്‍ മറുപടി നല്‍കി. എന്നാലിത് അംഗീകരിക്കാനാകില്ലെന്നും ഇപ്പോള്‍ വന്നത് കരട് വിജ്ഞാപനം മാത്രമാണെന്നും അന്തിമ വിജ്ഞാപനം വരുമ്പോള്‍ ഇടപെടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.