തൊഴില്‍സ്ഥലത്തെ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ശശി തരൂര്‍ എംപി. ഇത്തരം കുറ്റവാളികള്‍ക്കു കര്‍ശനമായ ശിക്ഷയും പിഴയും നല്‍കണമെന്നും അദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ ജോലിസ്ഥലത്ത് അവസാനിക്കുന്നില്ലെന്നും പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും തരൂര്‍ അറിയിച്ചു.
ജോലിഭാരവും തൊഴില്‍ സമ്മര്‍ദവും മൂലം അകാലത്തില്‍ മരിച്ച യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. അന്നയുടെ പിതാവുമായി നടത്തിയ സംസാരം വൈകാരികവും ഹൃദയഭേദകവുമായിരുന്നെന്നു എക്‌സില്‍ തരൂര്‍ എഴുതി.
അതേസമയം, ഏണസ്റ്റ് ആന്‍ഡ് യങ്ങിലെ കടുത്ത ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് മരിച്ച 26കാരിയായ അന്ന സെബാസ്റ്റ്യന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ലോക്സഭ പ്രതിപക്ഷ നേതാവ് അന്നയുടെ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പ്രൊഫഷണലുകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പോരാടുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. കൊച്ചിയിലെ അവരുടെ വീട് സന്ദര്‍ശിച്ച ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് (എഐപിസി) ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തിയാണ് കോള്‍ സംഘടിപ്പിച്ചത്.
Read more
അന്നയുടെ പെട്ടെന്നുള്ള ദാരുണമായ വിയോഗത്തില്‍ രാഹുല്‍ അനുശോചനം രേഖപ്പെടുത്തുകയും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പ്രൊഫഷണലുകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വലിയ താല്‍പ്പര്യത്തിനായി ഈ വിഷയത്തെക്കുറിച്ച് വളരെ പ്രയാസകരമായ നിമിഷത്തില്‍ സംസാരിക്കാന്‍ കുടുംബത്തിന്റെ ധൈര്യത്തെയും നിസ്വാര്‍ത്ഥതയെയും അഭിനന്ദിക്കുകയും ചെയ്തു. എഐപിസി പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ ആവശ്യത്തിനായി പോരാടുമെന്ന് കോണ്‍ഗ്രസ് നേതാവ് അവര്‍ക്ക് ഉറപ്പ് നല്‍കിയതായി പ്രസ്താവനയില്‍ പറയുന്നു. രാഹുലുമായുള്ള ആശയവിനിമയം 10 മിനിറ്റോളം നീണ്ടുനിന്നതായി അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.