'കള്ളന്‍മാര്‍ കിയ മോട്ടോഴ്‌സിന്റെ കപ്പലില്‍ തന്നെ'; ആന്ധ്രയിലെ ഫാക്ടറിയില്‍ നിന്ന് മോഷണം പോയത് 900 കിയ എന്‍ജിനുകള്‍; ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

കുറഞ്ഞ വിലയില്‍ കൂടുതല്‍ സാങ്കേതിക വിദ്യകളുമായെത്തി ഇന്ത്യക്കാരെ ഞെട്ടിച്ച കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിനെ ഞെട്ടിച്ച് ഇന്ത്യക്കാര്‍. വിപണിയിലെ വില്‍പ്പന കൊണ്ടല്ല ഇന്ത്യക്കാര്‍ കിയ മോട്ടോഴ്‌സിനെ ഞെട്ടിച്ചത്. ആന്ധ്രാപ്രദേശിലെ കിയ മോട്ടോഴ്‌സിന്റെ പ്ലാന്റില്‍ നിന്ന് 900 എന്‍ജിനുകള്‍ മോഷണംപോയതായാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീ സത്യസായി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കിയയുടെ പെനുകൊണ്ട് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഓഡിറ്റിലാണ് മോഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. പെനുകൊണ്ട് സബ് ഡിവിഷന്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2020 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് കണ്ടെത്തല്‍. മാര്‍ച്ചില്‍ നടന്ന ഓഡിറ്റിലാണ് മോഷണ വിവരം പുറത്തുവന്നിരിക്കുന്നത്. പിന്നാലെ കിയ മോട്ടോഴ്സ് ഇന്ത്യ എംഡിയും സിഇഒയുമായ ഗ്വാങ്ഗു ലീ മാര്‍ച്ച് 19-ന് പെനുകൊണ്ട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പൊലീസില്‍ പരാതി നല്‍കി.

ഇതേ തുടര്‍ന്ന് സംഭവത്തില്‍ പെനുകൊണ്ട് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ 900 എന്‍ജിനുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന് പെനുകൊണ്ട് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വൈ വെങ്കടേശ്വര്‍ലു വ്യക്തമാക്കി. അന്വേഷണത്തിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിക്കുന്നു.

നിര്‍മാണ പ്ലാന്റിലേക്ക് എന്‍ജിനുകള്‍ കൊണ്ടുവരുന്നതിനിടയിലും പ്ലാന്റിന്റെ പരിസരത്തുനിന്നുമാണ് മോഷണം നടന്നിട്ടുള്ളത്. കമ്പനിയുമായി ബന്ധപ്പെട്ടവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. മാനേജ്‌മെന്റിന്റെ അറിവില്ലാതെ ഒരു ചെറിയ ഭാഗം പോലും പ്ലാന്റിന്റെ പരിസരം വിട്ടുപോകില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ മുന്‍ ജീവനക്കാരെയും നിലവിലുള്ള ജീവനക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്‍ജിനുകള്‍ ആസൂത്രണം ചെയ്ത് ഘട്ടംഘട്ടമായാണ് മോഷ്ടിച്ചത്. മുന്‍ ജീവനക്കാരും നിലവിലുള്ള ജീവനക്കാരും ഇതില്‍ ഉള്‍പ്പെട്ടിരിക്കാം. രേഖകള്‍ തിരുത്തി പ്ലാന്റില്‍നിന്ന് എഞ്ചിനുകള്‍ മോഷ്ടിച്ചതാകാമെന്നാണ് കരുതുന്നതെന്നും പൊലീസ് വ്യക്തമാക്കി.