തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. കാണാതായ ഏഴംഗ കുടുംബത്തിനായി തിരച്ചിൽ തുടരുകയാണ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമർദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയിൽ ഞായറാഴ്ച ഉച്ചമുതൽ ശക്തമായ മഴയാണ്.
വിഒസി നഗറിലെ മൂന്ന് വീടുകളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്. തമിഴ്‌നാട്ടിൽ പരക്കെ മഴ പെയ്യുന്നതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിഴുപ്പുറം, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, കൃഷ്ണഗിരി, റാണിപേട്ട്, തിരിപ്പത്തൂർ, സേലം എന്നിവിടങ്ങളിൽ ശക്തമായ മഴയാണ്. വിഴുപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സന്ദർശനം നടത്തും. വിഴുപ്പുറത്ത് നിരവധിപേർ വീടുകളിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സൈന്യവും എൻഡിആർഎഫും സജ്ജമാണ്. യന്ത്രങ്ങളുടെ സഹായത്തോടെ വെള്ളക്കെട്ട് വറ്റിക്കുകയാണ്.
വെള്ളക്കെട്ട് ട്രെയിൻ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കടലൂർ, വില്ലുപുരം, കൃഷ്ണഗിരി ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും സേലം, ധർമ്മപുരി, തിരുവണ്ണാമലൈ, തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പേട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്.
Read more
തെലങ്കാനയിലെ ജയശങ്കർ ഭൂപാൽപള്ളി, മുലുഗു, ഭദ്രാദ്രി കോതഗുഡെം, ഖമ്മം, നൽഗൊണ്ട, സൂര്യപേട്ട്, മഹബൂബാബാദ്, വാറംഗൽ, ഹനംകൊണ്ട, ജങ്കാവ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ മഴ കുറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. രക്ഷാപ്രവർത്തനം തുടരുകയാണ്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാണ് ശ്രമം. മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി തടസ്സപ്പെട്ടു. മെഴുകുതിരികൾ, പാൽ തുടങ്ങിയ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടായി. കനത്ത മഴയിൽ പ്രധാന ജലാശയങ്ങളും കനാലുകളും കരകവിഞ്ഞൊഴുകി.