തിരുപ്പതി ലഡു വിവാദം; പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി, അഞ്ചംഗ സംഘത്തെ നിയമിച്ചു

തിരുപ്പതി ലഡു വിവാദത്തിൽ സ്വതന്ത്ര അന്വേഷണത്തിനായി അഞ്ചാംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. രണ്ട് സിബിഐ ഓഫീസർമാർ, രണ്ട് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്നതാണ് പുതിയ അന്വേഷണ സംഘം.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസപ്രശ്നമായതിനാൽ ഈ വിഷയത്തിൽ രാഷ്ട്രീയ നാടകം ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ ഭരണകാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പ്രസാദമായ ലഡു നിർമ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണത്തെ തുടർന്നാണ് കേസ്.