അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തും; രക്ഷിതാക്കള്‍ ഭയപ്പെടേണ്ടതില്ല; സമരക്കാരുമായി സംവദിച്ചു; നേരിട്ടെത്തി ഗവര്‍ണര്‍

അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ഗവര്‍ണര്‍ ആര്‍എന്‍ രവി. കുട്ടികളുടെ സുരക്ഷയ്ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളുടെ സുരക്ഷിത്വം നടപടികള്‍ സ്വീകരിക്കാനായി സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടു. സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഭയപ്പെടേണ്ടതില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.

ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍എന്‍ രവി അണ്ണാ സര്‍വകലാശാല സന്ദര്‍ശിച്ചതിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍എന്‍ രവി വൈസ് സര്‍വകാലാശാല രജിസ്ട്രാര്‍ ഡോ. ജെ.പ്രകാശും മുതിര്‍ന്ന പ്രൊഫസര്‍മാരുമായും കൂടിയാലോചന നടത്തി.

കാംപസിനുള്ളിലും ഹോസ്റ്റലിലും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത്വം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി അദേഹം നേരിട്ടു സംവദിച്ചു.

അതേസമയം, അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. മൂന്നു മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. ബി. സ്‌നേഹപ്രിയ, എസ്. ബ്രിന്ദ, അയമന്‍ ജമാല്‍ എന്നിവരാണ് സംഘത്തിലെ വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍. കേസിലെ എഫ്‌ഐആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.

ക്രിസ്മസ് ദിവസം രാത്രിയാണ് അണ്ണാ സര്‍വകലാശാലയുടെ ക്യാംപസിനുള്ളില്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും പള്ളിയില്‍ നിന്നും തിരികെ വരുമ്പോഴായിരുന്നു സംഭവം. രണ്ട് പേര്‍ ചേര്‍ന്നു ആണ്‍ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം അജ്ഞാതരായ അക്രമികള്‍ സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ടിരുന്നു.

കേസില്‍ കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37 വയസ്സുകാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.