വിലയില്‍ കുത്തനെ ഇടിവ്; ലോഡ് കണക്കിന് തക്കാളി കേരള അതിര്‍ത്തിയില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍

തക്കാളിക്ക് വില കുത്തനെ ഇടിഞ്ഞതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍. ലോഡ് കണക്കിന് തക്കാളിയാണ് കര്‍ഷകര്‍ റോഡരികില്‍ ഉപേക്ഷിച്ചത്. ലേലത്തിനെത്തിച്ച തക്കാളിയാണ് ഇത്. സര്‍ക്കാര്‍ സംഭരണം കാര്യക്ഷമമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വെറും മൂന്ന് രൂപ മാത്രമാണ് ഒരു കിലോ തക്കാളിക്ക് കര്‍ഷകര്‍ക്ക് കിട്ടുന്ന വില. വളവും കീടനാശിനിയും മറ്റു ചെലവുകളുമുള്ള കര്‍ഷകന് ഈ വില താങ്ങാനാവുന്നില്ല. ലേലത്തിനെത്തിച്ച ടണ്‍ കണക്കിന് തക്കാളി തിരിച്ചുകൊണ്ടുപോകാന്‍ പോലും പണമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഇവ ഉപേക്ഷിക്കേണ്ടി വന്നു. മറ്റുവഴികളില്ലെങ്കില്‍ ഇനിയും തക്കാളി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

സര്‍ക്കാര്‍ സംഭരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വേലന്താവളം മാര്‍ക്കറ്റില്‍ തക്കാളി കര്‍ഷകര്‍ പ്രതിഷേധിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് കിലോക്ക് 37 മുതല്‍ 40 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് കുത്തനെ ഇടിഞ്ഞ് . തമിഴ്‌നാട്ടില്‍ തക്കാളി ഉല്‍പാദനം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണം.

പ്രാദേശിക ഉല്‍പാദനം വര്‍ധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഇന്നലത്തെ വിലയനുസരിച്ച് ശരാശരി കര്‍ഷകന് എല്ലാ ചെലവും കഴിഞ്ഞ 500 രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്. കൃത്യസമയത്ത് പണം ലഭിക്കാത്തതിനാല്‍ ഹോര്‍ട്ടികോര്‍പിനു നല്‍കാനും കര്‍ഷകര്‍ തയാറല്ല. വരും ദിവസങ്ങളില്‍ വില ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.