ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

രാജ്യത്ത് ടെലികോം കമ്പനികള്‍ തുടര്‍ന്നുവന്നിരുന്ന കൊള്ളയ്ക്ക് അറുതി വരുത്താനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റര്‍നെറ്റ്, വോയിസ് കോള്‍, എസ്എംഎസ് എന്നിവ സംയുക്തമായി മാത്രം നല്‍കി ഉപഭോക്താക്കളെ കൊള്ളയടിച്ചിരിക്കുന്ന രീതിയാണ് ട്രായ് ഇടപെട്ട് അവസാനിപ്പിക്കുന്നത്.

വോയിസ് കോളുകള്‍ക്കും എസ്എംഎസിനും മാത്രമായി പ്രത്യേക താരിഫ് അവതരിപ്പിക്കാനാണ് ടെലികോം കമ്പനികള്‍ക്ക് ട്രായ് നല്‍കിയ നിര്‍ദ്ദേശം. ഫീച്ചര്‍ ഫോണുപയോഗിക്കുന്നവര്‍, വയോധികര്‍, ഗ്രാമീണ മേഖലയിലുള്ളവര്‍, ഇരട്ട സിം ഉപയോഗിക്കുന്നവര്‍, വൈഫൈ കണക്ഷനിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെ വലിയൊരു വിഭാഗത്തിന് ട്രായ് ഇടപെടല്‍ ഗുണകരമാണ്.

ഇന്ത്യയില്‍ 15 കോടി ഉപഭോക്താക്കള്‍ ഇപ്പോഴും 2 ജി കണക്ഷന്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. അതായത് ഇവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല. എന്നാല്‍ ഇന്റര്‍നെറ്റ് ഡാറ്റ ഉള്‍പ്പെടെയുള്ള താരിഫുകളില്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനാല്‍ ഉപയോഗിക്കാത്ത സേവനത്തിന് കൂടി പണം നല്‍കുന്ന സ്ഥിതിയാണ്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കുള്ള സേവനത്തിന് മാത്രം പണം എന്ന നിര്‍ദ്ദേശമാണ് ട്രായ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനായി ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്എംഎസ് സേവനത്തിന് മാത്രമായി പുറത്തിറക്കണമെന്ന നിര്‍ദ്ദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ട്രായ് ഉത്തരവിറക്കി.

പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉള്‍പ്പെടുത്താനും ഇതോടൊപ്പം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയര്‍ത്താനും അനുമതി നല്‍കി.