കുടിയേറ്റ തൊഴിലാളുകളുമായി മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിൻ വഴിതെറ്റി ഒഡിഷയിലെത്തി. മെയ് 21-ന് മുംബൈയിലെ വസായി റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണ് ഒഡിഷയിലെത്തിയത്. ജോലി നഷ്ടപ്പെട്ട് കഷ്ടതയിലായ തൊഴിലാളികൾക്കു നീണ്ട ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് ട്രെയിൻ ലഭ്യമായത്. എന്നാൽ ജന്മനാട്ടിലെത്താൻ ആശിച്ച് ട്രെയിൻ കയറിയ തൊഴിലാളികൾ എത്തപ്പെട്ടത് ഒഡിഷയിൽ നിന്ന് 750 കിലോമീറ്റർ അകലെയുള്ള റൂർക്കലയിലാണ്.
മഹാരാഷ്ട്രയിലെ വസായ് സ്റ്റേഷനിൽ നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിൻ അർദ്ധരാത്രി മുഴുവൻ തികച്ചും വ്യത്യസ്തമായ മറ്റൊരു വഴി സഞ്ചരിച്ചാണ് റൂർക്കലയിൽ എത്തിയത്. ആശങ്കയിലായ തൊഴിലാളികൾ ഇതു സംബന്ധിച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ ചില ആശയക്കുഴപ്പങ്ങൾ കാരണം ലോക്കോ പൈലറ്റിന് വഴി മാറി പോയതാണെന്നാണ് അറിയിച്ചത്. എന്നാൽ ലോക്കോ പൈലറ്റിനു വഴി തെറ്റിയതാണെന്ന വാദം റെയിൽവേ നിഷേധിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം തന്നെയാണ് ട്രെയിൻ സഞ്ചരിച്ചതെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.
Read more
ചില ശ്രമിക് ട്രെയിനുകൾ വഴി തിരിച്ചു വിടാൻ റെയിൽവേ തീരുമാനിച്ചിരുന്നതായാണ് അധികൃതർ ദേശീയ മാധ്യമത്തോട് പറഞ്ഞത്. എന്നാൽ എന്തുകൊണ്ട് ഇതു സംബന്ധിച്ച് തൊഴിലാളികൾക്ക് വിവരം നൽകിയില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. റൂർക്കലയിൽ നിന്ന് ട്രെയിൻ എപ്പോൾ ഗോരഖ്പുരിലേക്ക് തിരിക്കും എന്ന് അറിയാത്തതിനാൽ ആകെ ആശങ്കയിലാണ് തൊഴിലാളികൾ.