ദേശീയ തലത്തിൽ വളരാനൊരുങ്ങി ടി.ആർ.എസ്; ഇനി മുതൽ ബി.ആർ.എസ്

തെലുങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഇനി മുതൽ ബിആർഎസ്. തെലുങ്കാന ഭരിക്കുന്ന പാർട്ടിയായ ടിആർഎസാണ് ബിആർഎസ് എന്ന ചുരുക്ക പേരിലേയ്ക്ക് മാറിയത്. ഭാരതീയ രാഷ്ട്ര സമിതി, ഭാരത് രാഷ്ട്രീയ സമിതി, ഭാരത് രാഷ്ട്ര സമിതി എന്നീ പേരുകളിലൊന്നിന്റെ ചുരുക്കമാകും. ഏതു വേണമെന്ന് അന്തിമ തീരുമാനമായിട്ടില്ല.

തെലുങ്കാനയിൽ മാത്രം ഒതുങ്ങിനിൽക്കാതെ പാർട്ടി ദേശീയതലത്തിൽ വളരുന്നതിന്റെ തുടക്കമായാണ് പേരുമാറ്റം. സമാനമായ മാറ്റം പതാകയിലും ഉണ്ടാകും. പതാകയിൽ തെലങ്കാനയ്ക്കു പകരം ഇന്ത്യയുടെ ചിത്രം ഉൾപ്പെടുത്തും. ഈ മാസം 21ന് നടക്കുന്ന പാർട്ടി എക്സിക്യൂട്ടീവിൽ മാറ്റങ്ങൾ കൊണ്ടുവരും. തിരഞ്ഞെടുപ്പ് ചിഹ്നമായ കാർ മുൻപോട്ടും തുടരും.

ടിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു അടുത്ത ദിവസങ്ങളിൽ തന്നെ പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് ടിആർഎസിന്റെ പേര് ബിആർഎസ് എന്നാക്കാനുള്ള പ്രമേയം പാസാക്കാനാണ് തീരുമാനിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയ്ക്ക് ഒരു ബദൽ രാഷ്ട്രീയ അജണ്ട വാഗ്ദാനം ചെയ്ത് ദേശീയ രാഷ്ട്രീയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ ഈ നീക്കം സഹായിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.