സംസ്ഥാനത്തെ എച്ച്‌ഐവി രോഗബാധിതരായ വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തി ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. സംസ്ഥാനത്ത് 828 വിദ്യാര്‍ത്ഥികളാണ് രോഗബാധിതരായി ഉണ്ടായിരുന്നത്. ഇതില്‍ 47 വിദ്യാര്‍ത്ഥികള്‍ രോഗം ബാധിച്ച് മരിച്ചെന്നും 572 പേര്‍ രോഗബാധിതരായി തുടരുന്നെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി.
സംസ്ഥാനത്തിന് പുറത്തേയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പഠനത്തിനായി പോയ വിദ്യാര്‍ത്ഥികളാണ് രോഗബാധിതരില്‍ ഏറെയും. അതേസമയം വിദ്യാര്‍ത്ഥികളില്‍ വ്യാപകമായി എച്ച്‌ഐവി രോഗം പടര്‍ന്നതിന് കാരണം മയക്കുമരുന്നിന്റെ ഉപയോഗമാണെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി.
കുത്തിവയ്പ്പിലൂടെയുള്ള മയക്കുമരുന്ന് ഉപയോഗമാണ് വിദ്യാര്‍ത്ഥികളില്‍ വ്യാപകമായ എച്ച്‌ഐവി ബാധയ്ക്ക് കാരണമെന്ന് ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. ടിഎസ്എസിഎസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 220 സ്‌കൂളുകളില്‍ നിന്നും 24 കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് മയക്കുമരുന്ന് ഉപയോഗത്തിലൂടെ രോഗബാധിതരായത്.
സംസ്ഥാനത്തുടനീളമുള്ള 164 ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടിഎസ്എസിഎസിന്റെ റിപ്പോര്‍ട്ട്. അതേസമയം രോഗബാധിതരായ കുട്ടികളില്‍ വലിയൊരു ശതമാനവും സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മാതാപിതാക്കള്‍ രണ്ട് പേരും സര്‍ക്കാര്‍ സര്‍വീസിലുള്ള കുട്ടികള്‍ വരെ രോഗബാധിതരായവരുടെ പട്ടികയിലുണ്ടെന്നും ടിഎസ്എസിഎസ് അറിയിച്ചു.
തങ്ങളുടെ കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന വിവരം മാതാപിതാക്കളും അറിഞ്ഞിരുന്നില്ല. പുതിയ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ദിവസവും അഞ്ച് മുതല്‍ ഏഴ് വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി. ത്രിപുരയിലെ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ശില്പശാലയിലാണ് ടിഎസ്എസിഎസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
2024 മെയ് വരെ ത്രിപുരയില്‍ 8729 പേരാണ് രോഗബാധിതരായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 5674 പേരാണ് നിലവില്‍ ജീവനോടെയുള്ളത്. ഇതില്‍ 4570 പേര്‍ പുരുഷന്‍മാരും 1103 പേര്‍ വനിതകളും ഒരു ട്രാന്‍സ് വിഭാഗത്തിലുള്ളയാളും ഉണ്ടെന്ന് ടിഎസ്എസിഎസ് അറിയിച്ചു. മയക്കുമരുന്നിന്റെ വലിയ രീതിയിലുള്ള ഉപഭോഗമാണ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമായി ടിഎസ്എസിഎസ് പറയുന്നത്.
Read more
സിന്തെറ്റിക് മയക്കുമരുന്നുകളുടെ ഉപഭോഗമാണ് അതിവേഗം രോഗം പടര്‍ത്തുന്നത്. കുത്തിവയ്പ്പിലൂടെ സ്വീകരിക്കുന്ന ലഹരിക്കൊപ്പമാണ് വിദ്യാര്‍ത്ഥികളില്‍ രോഗാണുവും പ്രവേശിക്കുന്നത്.