കേവലം ദുരൂഹമെന്ന് പറഞ്ഞ് തള്ളിക്കളയാനാകുന്നതല്ല ഉന്നാവോ പീഡനക്കേസിലെ സംഭവ വികാസങ്ങള്‍. 2017 ജൂണ്‍ 4 നാണ് കേസിനാസ്പദമായ സംഭവം.ബി.ജെ.പി, എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെതിരെ 17 വയസ്സുകാരിയായ പെണ്‍കുട്ടി പീഡനാരോപണം ഉന്നയിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛനും അമ്മായിമാരും അടക്കം നാലു പേരാണ് മരിച്ചത്. ഇതില്‍ രണ്ടു പേര്‍ പീഡനക്കേസിലെ സാക്ഷികളും.
ഏപ്രില്‍ എട്ടിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സെന്‍ഗാറും അനുയായികളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് കാണിച്ചായിരുന്നു പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും പ്രതിഷേധം. കേസില്‍ എഫ്.ഐ.ആര്‍ പിന്‍വലിക്കാന്‍ തയ്യാറാവാത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെ എം.എല്‍.എയുടെ സഹോദരന്‍ മര്‍ദ്ദിച്ചിരുന്നു. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം.
ചികിത്സയിലിരുന്ന പിതാവ് പിന്നീട് ഏപ്രില്‍ അഞ്ചിന് മരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗും മറ്റ് മൂന്നുപേരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ലഖ്‌നൊ ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
എംഎല്‍എയുടെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്നതു കണ്ടതായി സാക്ഷിപറയാന്‍ ഒരാളേ ധൈര്യപ്പെട്ടുള്ളൂ: യൂനസ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യൂനസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വൈകാതെ മരിച്ചെന്നുമാണു പൊലീസിന്റെ വിശദീകരണം. കേസ് അന്വേഷിക്കുന്ന സിബിഐയെ പോലും അറിയിക്കാതെ സംസ്‌കാരവും നടത്തി.
കഴിഞ്ഞദിവസം പരാതിക്കാരിയായ പെണ്‍കുട്ടിക്കൊപ്പം സഞ്ചരിച്ചിരുന്ന 2 അമ്മായിമാരാണു മരിച്ചത്. ഇതിലൊരാള്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ആള്‍. അമ്മയും അഭിഭാഷകനും തലനാരിഴയ്ക്കു രക്ഷപ്പെട്ടെങ്കിലും ഇവരിപ്പോഴും ആശങ്കയിലാണ്. കഴിഞ്ഞ ദിവസമുണ്ടായത് വെറും വാഹനാപകടമല്ലെന്നും തങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കാനായിരുന്നു ശ്രമമെന്നും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.
Read more
പ്രതിയുടെ നിയന്ത്രണത്തിലാണ് നിയമങ്ങളെന്ന് അലഹാബാദ് ഹൈക്കോടതിക്കു പോലും പറയേണ്ടി വന്ന കേസാണ് ഇതെന്നതും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13-ന് അറസ്റ്റിലായ സെന്‍ഗാര്‍ സീതാംപുര്‍ ജയിലില്‍ തടവിലാണെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരായ ഭീഷണികളും ദുരൂഹമരണങ്ങളും തുടരുകയാണ്.