ഉന്നാവൊ പെണ്‍കുട്ടിയുടെ ചികിത്സ ലക്‌നൗവില്‍ തുടരട്ടെയെന്ന് സുപ്രീം കോടതി

ഉന്നാവൊ പെണ്‍കുട്ടിയുടെ ചികിത്സ ലക്‌നൗവിലെ ആശുപത്രിയില്‍ തന്നെ തുടരട്ടെയെന്ന് സുപ്രീം കോടതി. പെണ്‍കുട്ടിയുടെ ചികിത്സ തത്കാലം ഡല്‍ഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സ തുടരുന്നതാണ് താത്പര്യമെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ഡോക്ടര്‍മാരുടെ അനുമതിയോടെ പെണ്‍കുട്ടിയെ ഉടന്‍ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു.

യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവനെ തിഹാര്‍ ജയിലിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിടുണ്ട്. അമ്മാവനെ കണ്ട് മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായിയടക്കം രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു.

അതേസമയം, ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മരുന്നുകളോട് പെണ്‍കുട്ടി പ്രതികരിക്കുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടി   അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.