രക്ഷാദൗത്യം വിജയത്തിലെത്തി; ടണലിൽ കുടുങ്ങിയ തൊഴിലാളികൾ പുറത്തേക്കെത്തുന്നു

രാജ്യമാകെ കാത്തിരുന്ന സിൽക്കാര ദൗത്യം വിജയത്തിലേക്കെത്തി. മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞ 17 ദിവസമായി തുരങ്കത്തിലെ ഇരുട്ടിൽ കുടുങ്ങി കിടന്ന തൊഴിലാളികൾ പുറത്തേക്ക് എത്തിത്തുടങ്ങി.തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങൾ തുരങ്കത്തിന് അകത്തേക്ക് പ്രവേശിക്കുയായിരുന്നു. ഇതിനോടകം 18 പേരെ പുറത്തെത്തിച്ചതായാണ് റിപ്പോർട്ടുകൾ.

മറ്റ് തൊഴിലാളികളെ അതീവ ശ്രദ്ധയോടെ ഓരോരുത്തരെയായി തുരങ്കത്തിന് പുറത്തേക്ക് ഇറക്കിവരുകയാണ്. തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. ഡ്രില്ലിങ് പ്രവര്‍ത്തനം വിജയകരമായാണ് പൂര്‍ത്തിയാക്കിയത്.

രക്ഷപ്പെടുത്തുന്നവർക്കു പ്രാഥമിക ചികിത്സ നൽകാനായി തുരങ്കത്തിനകത്തു തന്നെ താത്ക്കാലിക ഡിസ്പെൻസറി സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ പരിശോധന നടത്തിയശേഷം തൊഴിലാളികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. 41 തൊഴിലാളികളാണ് ഉത്തരാഖണ്ഡിലെ  തുരങ്കത്തിനകത്ത് കുടുങ്ങിയത്.അതേ സമയം അപകടസ്ഥലത്ത് സന്ദർശനത്തിനെത്തിയ വിഐപി സംഘം രക്ഷാദൗത്യം വൈകിപ്പിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു.