വാൽമീകി കോർപ്പറേഷൻ അഴിമതി; മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ

കർണാടകയിലെ വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി നാഗേന്ദ്രയെ ഇഡി കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യുന്നതിനായി നാഗേന്ദ്രയെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. അതേസമയം തനിക്കൊന്നും അറിയില്ലെന്ന് നാഗേന്ദ്ര പ്രതികരിച്ചു.

മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായാണ് നാഗേന്ദ്രയെ ചോദ്യം ചെയ്യുന്നത്. മെയ് 26ന് അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖരൻ പി ആത്മഹത്യ ചെയ്തതോടെയാണ് കോർപ്പറേഷനുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് വിഷയംപുറത്ത് വരുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് പട്ടികവർഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര ജൂൺ ആറിന് രാജി സമർപ്പിച്ചിരുന്നു.

കോർപ്പറേഷൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 187 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടതായുള്ള നാഗേന്ദ്രന്റെ ഒരു കുറിപ്പ് കണ്ടെത്തിയിരുന്നു. പ്രമുഖ ഐടി കമ്പനികളുടെയും ഹൈദരാബാദ് ആസ്ഥാനമായുള്ള സഹകരണ ബാങ്കിൻ്റെയും വിവിധ അക്കൗണ്ടുകളിലേക്ക് 88.62 കോടി രൂപ അനധികൃതമായി നീക്കിയതായും കുറിപ്പിൽ ഉണ്ട്.

അതേസമയം സസ്‌പെൻഷനിലുള്ള കോർപ്പറേഷൻ്റെ മാനേജിംഗ് ഡയറക്ടർ ജെജി പത്മനാഭ്, അക്കൗണ്ട്‌സ് ഓഫീസർ പരശുറാം ജി ദുരുകണ്ണവർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ സുചിസ്മിത റാവൽ എന്നിവരുടെ പേരുകൾ ചന്ദ്രശേഖരൻ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഫണ്ട് കൈമാറാൻ നാഗേന്ദ്രൻ വാക്കാലുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ അന്വേഷണത്തിനായി സംസ്ഥാന സർക്കാർ എസ്ഐടി രൂപീകരിച്ചിട്ടുണ്ട്.

നാഗേന്ദ്രയുടെയും കോർപ്പറേഷൻ ചെയർമാനും ഭരണകക്ഷിയായ കോൺഗ്രസ് എംഎൽഎ ബസനഗൗഡ ദദ്ദലിൻ്റെയും സ്ഥലങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി ഇഡി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് നാഗേന്ദ്രയെ ഇ ഡി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാഗേന്ദ്രയെയും ദദ്ദാലിനെയും എസ്ഐടി ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു.