ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഗുജറാത്തിലെ 26 ൽ മണ്ഡലങ്ങളിൽ 25ലും ഇന്ന് വിധിയെഴുതും. സൂററ്റ് സീറ്റില്‍ നേരത്തെ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ അന്‍ഡ് ദിയു തുടങ്ങിയ പ്രദേശങ്ങളിലെയും പോളിങ് ഇതോടെ പൂര്‍ത്തിയാകും.

അസമില്‍ (4), ബിഹാര്‍ (5), ഛത്തീസ്ഗഡ് (7), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4) എന്നിങ്ങനെയാണ് പോളിങ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍. മൂന്നാം ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ പകുതിയില്‍ അധികം മണ്ഡലങ്ങളും വിധിയെഴുതിക്കഴിയും.

Read more

ഗുജറാത്തിലെ പത്ത് സീറ്റുകള്‍ പട്ടികജാതി സംവരണവും 11 മണ്ഡലങ്ങള്‍ പട്ടിക വര്‍ഗ സംവരണവുമാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖര്‍.