പപ്പുവ ന്യൂ ഗിനിയയും ഇന്ത്യയും സംയുക്തമായി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഡോ. ബിജുകുമാർ ദാമോദരന്റെ ‘പപ്പാ ബുക്ക’. പപ്പുവ ന്യൂ ഗിനിയയിലെ NAFA പ്രൊഡക്ഷന്‍ ഹൗസും സംവിധായകൻ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പപ്പുവ ന്യൂഗിനിയയിലെ ഭാഷയായ ടോക്പിസിൻ, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.
പ്രകാശ് ബാരെയും റിതാഭാരിയും മാത്രമാണ് ചിത്രത്തിൽ വേഷമിടുന്ന ഇന്ത്യൻ താരങ്ങൾ. ബാക്കിയുള്ള താരങ്ങളെല്ലാം തന്നെ പപ്പുവ ന്യൂ ഗിനിയയിൽ നിന്നുള്ളവരാണ്. ലോക പ്രശസ്ത സംഗീതജ്ഞനും മൂന്ന് തവണ ഗ്രാമി പുരസ്‌കാര ജേതാവുമായ റിക്കി കേജ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പ്രകാശ് ബാരെയുടെ സിലിക്കൺ മീഡിയയും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്.
കൂടാതെ സിനിമാറ്റിക് കൾച്ചറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി പപ്പുവ ന്യൂ ഗിനിയയിലെ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഈ സിനിമയുടെ ഷൂട്ടിങ് പ്രോസസ്സിൽ പങ്കു ചേരുന്നുണ്ട്. സംവിധാനം, ക്യാമറ, സിങ്ക് സൗണ്ട്, എഡിറ്റിങ്, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ സാങ്കേതിക മേഖലകളിൽ ഇവർക്ക് പ്രാക്ടിക്കൽ പരിശീലനം ഷൂട്ടിനൊപ്പം ലഭിക്കുന്നു.
2024 ജൂലൈയിലാണ് പപ്പാ ബുക്ക ചിത്രീകരണം ആരംഭിക്കുന്നത്. ടൊവിനോ തോമസ് നായകനായ ‘അദൃശ്യജാലകങ്ങൾ’ ആയിരുന്നു ഡോ. ബിജുവിന്റെ അവസാന പുറത്തിറങ്ങിയ ചിത്രം.