തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കാന്‍ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അടുത്ത സഭാ സമ്മേളനം വരെ അന്തിമ തീരുമാനമുണ്ടാവില്ല. ഡിസംബര്‍ ആദ്യം ലോക്‌സഭ സമ്മേളനം നടക്കുമ്പോള്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സഭയില്‍ ചര്‍ച്ച നടക്കണമെന്നതാണ് കീഴ്‌വഴക്കം. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം സ്പീക്കറുടേതും സഭയുടേതുമാണ്. സ്പീക്കറുടെ പക്കലുള്ള റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായ് സഭയ്ക്ക് മുന്നില്‍ വെയ്ക്കുകയാണ് ലോക്‌സഭാ സ്പീക്കര്‍ ചെയ്യുക.
എത്തിക്‌സ് കമ്മിറ്റി നിര്‍ദേശിച്ച ശിക്ഷ നല്‍കണമോ വേണ്ടയോ എന്ന് ലോക്‌സഭയാണ് ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുക. ബിജെപിയ്ക്ക് ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ പാര്‍ട്ടി നിലപാടില്‍ എന്തെങ്കിലും മാറ്റിമില്ലാത്തിടത്തോളം വോട്ടെടുപ്പിന്റെ ഫലം എന്താകുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നാല്‍ ചര്‍ച്ചയ്ക്കിടയില്‍ കടുത്ത നടപടി വേണ്ടെന്ന തീരുമാനത്തിലേക്കെത്തിയാല്‍ എത്തിക്‌സ് കമ്മിറ്റിയുടെ പുറത്താക്കല്‍ തീരുമാനം നടപ്പാക്കണമെന്നും ഇല്ല. ശിക്ഷയുടെ കാഠിന്യം കുറയ്ക്കാന്‍ സഭയ്ക്കും സഭാനാഥനും പൂര്‍ണ അധികാരമുണ്ട്.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് പണം വാങ്ങി എന്ന ആരോപണത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്‌ത്രെ അന്വേഷണം നേരിടുന്നത്. ലോഗിന്‍ ഐഡിയും പാസ്വേഡും പുറത്തൊരാള്‍ക്കു മഹുവ കൈമാറിയതായി തെളിഞ്ഞിട്ടുണ്ടെങ്കിലും മഹുവ പണം വാങ്ങിയതിന് തെളിവില്ല. സഭയില്‍ ചോദ്യം ഉന്നയിച്ചതിനു പകരമായി ഹിരാനന്ദാനിയില്‍നിന്നു പണം കൈപ്പറ്റിയതായി തെളിഞ്ഞിട്ടില്ലെന്ന് മഹുവയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്കു ലോക്‌സഭാ ചര്‍ച്ചയില്‍ വാദിക്കാനാവും. മഹുവയ്ക്കു പണം നല്‍കിയതായി ഹിരാനന്ദാനി പറഞ്ഞിട്ടില്ലെന്നും പണം കൈമാറിയതായി സമിതി കണ്ടെത്തിയിട്ടില്ലെന്ന വാദവും ചര്‍ച്ചയില്‍ ഉയരും. ഹിരാനന്ദാനിയെ ചോദ്യം ചെയ്യാന്‍ തനിക്ക് അവസരം വേണമെന്ന് മഹുവ പറഞ്ഞിട്ടും അതിന് അനുവദിക്കാതിരുന്നത് അനുകൂലമായ ഘടകമായി മഹുവയ്ക്ക് ഉയര്‍ത്താനാവും. ലോഗിന്‍ ഐഡിയും പാസ്‌വേഡും കൈമാറിയെന്ന കുറ്റത്തിന് ഇത്രയും കടുത്ത ശിക്ഷ നല്‍കേണ്ടതില്ലെന്നും വാദമുയരാം.
മഹുവയെ ആദ്യമായി പരസ്യമായി പിന്തുണച്ച് തൃണമംൂല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയെത്തിയതും ഈ സാഹചര്യത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഇതുവരേയും മഹുവയ്ക്കായി മിണ്ടാതിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി വിഷയത്തില്‍ ഇടപെട്ട് തുടങ്ങിയതും ശ്രദ്ധേയമാണ്. രാഷ്ട്രീയവിരോധത്തിന്റെ ഇരയാണ് മഹുവ മൊയ്ത്ര എന്നും തനിക്കെതിരായ യുദ്ധത്തില്‍ ഒറ്റയ്ക്കു പോരാടാന്‍ ശക്തിയുള്ള കരുത്തുറ്റ നേതാവാണ് മഹുവ മൊയ്ത്ര എന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.
Read more
മഹുവയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് താന്‍ വായിച്ചതെന്നും അവര്‍ക്കെതിരായ അന്വേഷണം ആരംഭിച്ചതായി കേന്ദ്രസര്‍ക്കാരും പറയുന്നുണ്ടെന്നും അഭിഷേക് ബാനര്‍ജി ഓര്‍മ്മിപ്പിച്ചു. മഹുവയ്‌ക്കെതിരെ മറ്റൊന്നും ചെയ്യാനില്ലെങ്കില്‍ അന്വേഷണം നടത്തുക എന്നതാണ്. എന്തിനാണ് പുറത്താക്കുന്നതെന്ന ചോദ്യവും അഭിഷേക് ഉന്നയിക്കുന്നുണ്ട്. സഭയിലെ ചര്‍ച്ചയും വോട്ടെടുപ്പും കഴിഞ്ഞു പുറത്താക്കപ്പെട്ടാല്‍ മാത്രമേ മഹുവയ്ക്കു കോടതിയെ സമീപിക്കാനാവൂ.